ധാക്ക: ഐസിസി വിലക്കിയതോടെ ഷാക്കിബ് അല്‍ ഹസന് ഇന്ത്യന്‍ പര്യടനം നഷ്ടാമായി. നവംബര്‍ മൂന്നിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ ഷാക്കിബിന് പകരം മഹ്മുദുള്ളയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റില്‍ മൊമിനുള്‍ ഹഖാണ് ടീമിനെ നയിക്കുന്നത്. പരമ്പരയ്ക്കായി ടി20 ടീം ഇന്നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. വിമാനം കയറുന്നതിന് മുമ്പ് മഹ്മുദുള്ള മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു.

ഷാക്കിബിന്റെ അഭാവത്തെ കുറിച്ച് പുതിയ ക്യാപ്റ്റന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വലിയ ഭാഗമാണ് ഷാക്കിബ്. അദ്ദേഹത്തിന്റെ അഭാവം ഒരുതരത്തിലും മറികടക്കാന്‍ സാധിക്കില്ല. ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണിത്. എന്നാല്‍ താരത്തിന്റെ അഭാവം പ്രചോദനമാക്കി മാറ്റാനാണ് ശ്രമിക്കുക. 

നിയമലംഘനമൊന്നും ഷാക്കിബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഞങ്ങളുടെ എല്ലാം പിന്തുണ അദ്ദേഹത്തിനുണ്ടാവും. ഇന്ത്യക്കെതിരെ ഹൃദയം കൊണ്ട് കളിക്കും.'' മഹ്മുദുള്ള പറഞ്ഞുനിര്‍ത്തി.