ജൊഹാനസ്ബര്‍ഗ്: ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ക്യാംപെയിനിന് പിന്തുണ വര്‍ധിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുമായി മുന്‍ താരം മഖായ എന്‍ടിനി. സഹതാരങ്ങളില്‍ നിന്നും നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനവും ഒറ്റപ്പെടുത്തലും നേരിട്ടിട്ടുണ്ടെന്ന് എന്‍ടിനി വെളിപ്പെടുത്തി. എല്ലാവരും അത്താഴത്തിന് പോകുമ്പോള്‍ ആരും എന്റെ വാതിലില്‍ വന്ന് വരുന്നോ എന്ന് ചോദിച്ച് ഒരിക്കലും മുട്ടിയിട്ടില്ല. എന്റെ മുന്നില്‍ നിന്ന് മറ്റുള്ളവര്‍ ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്യുമ്പോള്‍ വെറുമൊരു നോക്കുകുത്തിയായി എനിക്ക് നില്‍ക്കേണ്ടിവന്നിട്ടുണ്ട്.

അതുപോലെ പ്രഭാത ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ എന്റെ സമീപം വന്നിരിക്കാന്‍ ആരും തയാറായിട്ടില്ല. ഞങ്ങളെല്ലാം ഒരേ ജേഴ്സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. പക്ഷെ ഈ ഒറ്റപ്പെടുത്തല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഈ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ പലപ്പോഴും ടീം ബസില്‍ യാത്ര ചെയ്യാതെ മാറി നിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഓടാനായിരുന്നു എനിക്ക് താല്‍പര്യം. ടീം ബസിന്റെ ഡ്രൈവറുടെ കൈവശം കിറ്റ് നല്‍കിയശേഷം ഞാന്‍ പലപ്പോഴും സ്റ്റേഡിയത്തിലേക്ക് ഓടിയാണ് പോവാറുള്ളത്. തിരിച്ചുപോകുമ്പോഴും ഞാനത് തന്നെയാണ് ചെയ്യാറുള്ളത്.


പക്ഷെ ടീമിലെ സഹതാരങ്ങള്‍ക്ക് ഒരിക്കലും മനസിലായിട്ടില്ല ഞാനെന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന്. ഞാനെന്തിനെയാണ് അവഗണിക്കാന്‍ ശ്രമിക്കുന്നത് എന്ന്. പക്ഷെ അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമായിരുന്നു. കാരണം എനിക്കവരുടെയൊന്നും മുഖം കാണണ്ടല്ലോ. ഏകാന്തതയില്‍ നിന്ന് ഓടിയൊളിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ടീം ബസിലെ പുറകിലെ സീറ്റിലാണ് ഞാനിരിക്കുന്നതെങ്കില്‍ മറ്റുള്ളവരെല്ലാം മുന്‍നിരയിലെ സീറ്റിലേക്ക് മാറും. ടീം ജയിക്കുമ്പോള്‍ എല്ലാവരും സന്തോഷത്തിലാകും. എന്നാല്‍ ടീം തോല്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടിവരുന്ന ആദ്യത്തെയാള്‍ ഞാനാകും. തന്റെ മകന്‍ താണ്ടോയും ഇതുപോലെ വംശീയ വിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്നും എന്‍ടിനി പറഞ്ഞു. അണ്ടന്‍ 19 ടീമില്‍ കളിക്കുന്ന മകന്‍ അധിക്ഷേപം കാരണം പലപ്പോഴും കളിക്കാന്‍ പോവാതിരുന്നിട്ടുണ്ടെന്നും എന്‍ടിനി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റില്‍ 390 ഏകദിനത്തില്‍ 226ഉം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് എന്‍ടിനി.

'

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാംപെയിനിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ 30 മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബ്ലാക് ലൈവ്സ് മാറ്ററിനെ പിന്തുണച്ചതിന്റെ പേരില്‍ ദേശീയ ടീം അംഗമായ ലുങ്കി എന്‍ഗിഡിയെ ഒരു വിഭാഗം മുന്‍ താരങ്ങള്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് ക്യാംപെയ്‌നിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരെത്തിയത്.  മഖായ എന്‍ടിനിക്ക് പുറമെ ഹെര്‍ഷേല്‍ ഗിബ്‌സ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍  ആഷ്‌വെല്‍ പ്രിന്‍സ്, ജെ.പി. ഡുമിനി, പോള്‍ ആഡംസ് തുടങ്ങിയവരെല്ലാം ക്യാംപെയ്‌നിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണ പ്രഖ്യാപിച്ചതിന് എന്‍ഗിഡിയെ മുന്‍ താരങ്ങളായ പാറ്റ് സിംകോക്‌സ്, ബോത്ത ഡിപ്പാനാര്‍ തുടങ്ങിയവര്‍ കുറ്റപ്പെടുത്തിയിരുന്നു. വെളുത്ത വര്‍ഗക്കാര്‍ത്തെതിരേയും അതിക്രമം നടക്കുന്നുണ്ടെന്നായിരുന്നു അവരുടെ ആരോപണം.