മാലി: അന്താരാഷ്ട്ര ടി20യില്‍ വെറും ആറ് റണ്‍സില്‍ പുറത്തായി ഒരു ടീം. റുവാണ്ടയ്‌ക്ക് എതിരായ മത്സരത്തില്‍ മാലി വനിതകളാണ് കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായത്. ഒന്‍പത് ഓവര്‍ ബാറ്റ് ചെയ്തപ്പോഴാണ് ആറ് റണ്‍സില്‍ മാലിയുടെ പതനം. ഓപ്പണര്‍ മറിയം സമാക്കെ മാത്രമാണ് അക്കൗണ്ട് തുറന്നത്. മറ്റ് ഒന്‍പത് പേര്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ ബാക്കി അഞ്ച് റണ്‍സും എക്‌സ്‌ട്രാസില്‍ നിന്നായിരുന്നു.

മറുപടി ബാറ്റിംഗില്‍ വെറും നാല് പന്തുകളില്‍ നിന്ന് റുവാണ്ട 10 വിക്കറ്റ് ജയത്തിലെത്തി. ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കിനില്‍ക്കേ(116 പന്തുകള്‍) ജയിക്കുന്ന ടീമിനെ റെക്കോര്‍ഡും റുവാണ്ട സ്വന്തമാക്കി.

എല്ലാ അംഗ രാജ്യങ്ങളുടെയും ടി20 മത്സരങ്ങള്‍ക്ക് ഐസിസി അന്താരാഷ്ട്ര പദവി കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. അതിനാല്‍ റുവാണ്ട നേടിയ സ്‌കോര്‍ അന്താരാഷ്ട്ര ടി20യിലെ ഏറ്റവും കുറഞ്ഞ സ്‌കോറായി പരിഗണിക്കപ്പെടും. ഈ വര്‍ഷം ജനുവരിയില്‍ യുഎഇയ്‌ക്ക് എതിരെ ചൈന വനിതാ ടീം 14 റണ്‍സില്‍ പുറത്തായതാണ് നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.