കൊല്‍ക്കത്ത: സൗരവ് ഗാംഗുലി അധ്യക്ഷനായ ബിസിസിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടക്കേണ്ട ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം റദ്ദാക്കിയത് സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് മമത കുറ്റപ്പെടുത്തി.  മത്സരം റദ്ദാക്കുന്നത് കുഴപ്പമില്ല. എന്നാല്‍ കൊല്‍ക്കത്ത പൊലീസിനെയോ ചീഫ് സെക്രട്ടറിയെയോ അറിയിക്കേണ്ട മാന്യത ബിസിസിഐ കാണിക്കണമായിരുന്നുവെന്ന് മമത കുറ്റപ്പെടുത്തി.

ഗംഗുലിക്കെതിരെ പരോക്ഷ വിമര്‍ശനം എങ്കിലും മമത ഉന്നയിക്കുന്നത് ആദ്യമായാണ്. ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജെയ് ഷായോട് അമിത വിധേയത്വം കാണിക്കുന്നുവെന്ന ആക്ഷേപവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗാംഗുലി ബിജെപിയുടെ താരപ്രചാരകനാകുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം.

ജഗ്‌മോഹഹന്‍ ഡാല്‍മിയ മരണപ്പട്ടപ്പോള്‍ ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി പ്രഖ്യാപിച്ചത് മമത ആയിരുന്നു.