എട്ടിന് 555 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം ആരംഭിച്ചത്. ഇന്ന് 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടി നഷ്ടമായി.
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് 218 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സഹതാരങ്ങള്‍ പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ (2), രോഹിത് ശര്‍മ (13) എന്നിവരാണ് ക്രീസില്‍.
എട്ടിന് 555 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം ആരംഭിച്ചത്. ഇന്ന് 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടി നഷ്ടമായി. രണ്ടാം ദിനം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സ്റ്റോക്‌സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്‌കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും 387 റണ്‍സിലെത്തിയപ്പോഴാണ് വേര്‍ പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്റ്റോക്‌സ് 118 പന്തില്‍ 82 റണ്‍സെടുത്തു.
സ്റ്റോക്‌സിനെ മടക്കി നദീമാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓലി പോപ്പിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റൂട്ട് ഇംഗ്ലണ്ടിനെ 450 കടത്തി. പോപ്പിനെ(34) അശ്വിന്‍വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡബിള്‍ തികച്ച റൂട്ടിനെ(218) നദീം പുറത്താക്കി. ജോസ് ബട്ലറും(30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി.
രണ്ടാം ദിനം അവസാനം തുടര്‍ച്ചയായ പന്തില്‍ ബട്ലറെയും ആര്‍ച്ചറെയും(0) ബൗള്‍ഡാക്കിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. മൂന്നാം ദിനം ഡൊമിനിക് ബെസ്സിനെ (34) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ ജയിംസ് ആന്‍ഡേഴ്‌സണിനെ (1) അശ്വിന്‍ ബൗള്‍ഡാക്കി. ജാക്ക് ലീച്ച് (14) പുറത്താവാതെ നിന്നു. അശ്വിനും ബുമ്രയ്ക്കും പുറമെ ഷഹ്ബാസ് നദീം, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
