സിക്സറിന്റെ വില ഒരു ജീവൻ! ക്രിക്കറ്റ് മത്സരത്തിനിടെ പൊക്കിയടിച്ച അടിച്ച പന്ത് വീണത് അടുത്ത കളിക്കാരന്റെ തലയിൽ, ദാരുണാന്ത്യം 

മുംബൈ : ക്രിക്കറ്റ് മാച്ചിനിടെ തലയിൽ പന്ത് വീണ് ബിസിനസുകാരൻ മരിച്ചു. 52കാരനായ ജയേഷ് ചുന്നിലാൽ സാവ്‌ലയ്ക്കാണ് ജീവൻ നഷ്ടമായത്. ജയേഷിന്റെ മരണം ബുധനാഴ്ച മുംബൈ പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മുംബൈ മാട്ടുംഗ ഏരിയയിലെ ദാദ്‌കർ ക്രിക്കറ്റ് ഗ്രൗണ്ടിൽ കച്ചി കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ടി20 ടൂർണമെന്റ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. ഒരേ സമയം രണ്ട് മത്സരങ്ങൾ ഗ്രൗണ്ടിൽ നടന്നതാണ് അപകടത്തിന് കാരണമായത്.

തിങ്കളാഴ്ച ദാദ്‌കർ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരേസമയം രണ്ട് മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. തന്റെ ടീമിനായി ഫീൽഡ് ചെയ്യുകയായിരുന്നു ജയേഷ്. ഇയാൾ തന്റെ ടീം കളിക്കുന്ന പിച്ചിന് അഭിമുഖീകരിച്ച് നിൽക്കവെ അപ്രതീക്ഷിതമായി തൊട്ടപ്പുറത്തെ മത്സരത്തിൽ നിന്ന് ബാറ്റർ അടിച്ച പന്ത് ജയേഷിന്റെ തലയുടെ പിൻഭാഗത്ത് തട്ടി. പന്ത് തലയിൽ തട്ടിയപ്പൊൾ തന്നെ ജയേഷ് ബോധരഹിതനായി നിലത്ത് വീണു. കൂടെ കളിച്ചുകൊണ്ടിരുന്നവ‌ർ ഉടനെ ജയേഷിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിട എത്തുന്നതിനു മുൻപു തന്നെ ജയേഷ് മരിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.

പന്ത് തലയിൽ വീണതിനെ തു‌ടർന്ന് തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് ജയേഷ് മരിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) ഫയൽ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പോലീസ് ഓഫീസർ ദീപക് ചൗഹാൻ അറിയിച്ചു. 

Read more:  9.7 കോടിയുടെ മൊതല്, ഒന്നും രണ്ടുമല്ല 1500 ഐഫോൺ, പൊലീസെത്തി കണ്ടത് കാലി ട്രക്ക്, ഉഴപ്പാതെ അന്വേഷിക്കാൻ കോടതി

ഒരു ഗ്രൗണ്ടിൽ ഒന്നിലധികം മത്സരങ്ങൾ മുംബൈയിൽ ഒരു സാധാരണ കാഴ്ചയാണ്. ചിലപ്പോഴൊക്കെ മറ്റ് മത്സരങ്ങളിൽ നിന്നുള്ള പന്തിൽ നിന്ന് കളിക്കാർക്ക് പരിക്കേൽക്കാറുമുണ്ട്. എന്നാൽ ഒരു മത്സരത്തിനിടെ മരണത്തിലേക്ക് നയിച്ച ഇത്തരമൊരു അപകടം ഇതാദ്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ജയേഷ് സാവ്‌ലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം