മുംബൈ: ഇന്നലെയാണ് സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മനീഷ് പാണ്ഡെ കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചത്. തമിഴ്‌നാടിനെതിരായ ഫൈനലില്‍ 45 പന്ത് നേരിട്ട ക്യാപ്റ്റന്‍ 60 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ട്രോഫി ഉയര്‍ത്തിയ ശേഷം മനീഷ് നേരെ പോയത് വിവാഹ മണ്ഡപത്തിലേക്ക്. 

മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് പാണ്ഡെ താലി ചാര്‍ത്തിയത്. സൂററ്റില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് പാണ്ഡെ മുംബൈയിലെത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏതാനും ക്രിക്കറ്റ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

തമിഴ് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ ആശ്രിത. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എന്‍എച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ നായകനായ മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു. 2015ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 32 ട്വന്റി20കളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു.