കൊല്‍ക്കത്ത: റമദാന്‍ ആശംസ നേര്‍ന്നതിന് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി.റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുന്നോടിയായി പരമ്പരാഗത മുസ്ലീം വസ്ത്രമണിഞ്ഞ് ട്വിറ്ററിലൂടെ റമദാന്‍ ആശംസ നേര്‍ന്നതിന് പിന്നാലെയായിരുന്നു മനോജ് തിവാരിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

ഈ കോമാളിയെ നോക്കു, ഹിന്ദുക്കളുടെ ആഘോഷത്തിന് മറ്റ് ഏതെങ്കിലും മതത്തിലുള്ളവര്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് ആശംസനേരുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. തിവാരിയെ സമൂഹമാധ്യമങ്ങളില്‍ നിന്ന് അണ്‍ഫോളോ ചെയ്യുകയാണെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണോ ഇത്തരം നാടകം കളിയെന്നും ചിലര്‍ ചോദിച്ചു.

എന്നാല്‍ നിങ്ങളൊരു നല്ലമനുഷ്യനാണെങ്കില്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന അടിക്കുറിപ്പോടെ വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ച് മനോജ് തിവാരി മറുപടി നല്‍കി.

ഇന്ത്യക്കായി 12 ഏകദിനങ്ങളിലും 20 ടി20യിലും കളിച്ച മനോജ് തിവാരി ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ്. ഐപിഎല്ലില്‍ ഡല്‍ഹി, കൊല്‍ക്കത്ത, പൂനെ, പഞ്ചാബ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള തിവാരിയെ ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല.