Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിലെ അതിവേഗ പന്ത് ഇനി ലങ്കന്‍ യുവതാരത്തിന്റെ പേരില്‍; പിന്നിലാക്കിയത് ഷൊയൈബ് അക്തറെ

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വേഗതയേറിയ പന്താണിത്. 2003ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ പാക്കിസ്ഥാനായി ഷൊയൈബ് അക്തര്‍ 161.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തായിരുന്നു ഇതുവരെ ക്രിക്കറ്റ് ചരിത്രത്തിലെ  അതിവേഗ പന്ത്.

Matheesha Pathirana sets world record with 175kph delivery vs India
Author
Johannesburg, First Published Jan 20, 2020, 5:41 PM IST

ബ്ലൂഫൊണ്ടെയ്ന്‍: ക്രിക്കറ്റിലെ അതിവേഗ പന്തിന് പുതിയ അവകാശി. ലങ്കന്‍ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മതീഷ പതിരാനയാണ് 175 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്നലെ ഇന്ത്യക്കെതിരെ ആയിരുന്നു പതിരാന അതിവേഗം കൊണ്ട് ഞെട്ടിച്ചത്. ഇന്ത്യയുടെ കൗമാര താരം യശസ്വി ജയ്‌സ്വാളിനെതിരെ പതിരാന എറിഞ്ഞ വൈഡ് ബോളാണ് സ്പീഡ‍് ഗണ്ണില്‍ 175 കിലോ മീറ്റര്‍ വേഗം രേഖപ്പെടുത്തിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വേഗതയേറിയ പന്താണിത്. 2003ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ പാക്കിസ്ഥാനായി ഷൊയൈബ് അക്തര്‍ 161.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തായിരുന്നു ഇതുവരെ ക്രിക്കറ്റ് ചരിത്രത്തിലെ  അതിവേഗ പന്ത്. 2003ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ ഷോണ്‍ ടെയ്റ്റ് 161.1 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തായിരുന്നു രണ്ടാം സ്ഥാനത്ത്. 2005ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീയും 161.1 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്.

അതേസമയം, ലങ്കന്‍ കൗമാര താരത്തിന്റെ അതിവേഗ പന്തിനെ ആരാധകര്‍ ഇപ്പോഴും കണ്ണടച്ചു വിശ്വസിക്കുന്നില്ല. സ്പീഡ് ഗണ്ണിലെ സാങ്കേതിക തകരാറായിരിക്കാം ഇതെന്നാണ് ആരാധകരില്‍ ഒരുവിഭാഗം കരുതുന്നത്. എന്നാല്‍ ഐസിസി ഇതുവരെ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ലാത്തതിനാല്‍ ഇതുതന്നെയാണ് ഇപ്പോഴും അതിവേഗ പന്തായി രേഖപ്പെടുത്തിയിരിക്കുന്നത്.

ലങ്കയുടെ ബൗളിംഗ് ഇതിഹാസമായ ലസിത് മലിംഗയുടെ അതേ സൈഡ് ആം ആക്ഷനില്‍ പന്തെറിഞ്ഞാണ് പതിരാന ക്രിക്കറ്റില്‍ മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയത്. കോളജ് ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഏഴ് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയും പതിരാന ശ്രദ്ധേയനായിരുന്നു.

Follow Us:
Download App:
  • android
  • ios