ചെന്നൈ: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നാലാം ഐപിഎല്‍ ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്), മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (ഇപ്പോഴത്തെ കിംഗ്‌സ് പഞ്ചാബ്) എന്നിവര്‍ക്ക് വേണ്ടിയും മാക്‌സ്‌വെല്‍ കളിച്ചിട്ടുണ്ട്. 

അവസാന സീസണില്‍ പഞ്ചാബിന് വേണ്ടി കളിക്കുമ്പോള്‍ മോശം ഫോമിലായിരുന്നു മാക്‌സ്‌വെല്‍. 13 മത്സരങ്ങളില്‍ നിന്ന് വെറും 108 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന് നേടാന്‍ സാധിച്ചത്. ഒരു സിക്‌സ് പോലും താരം നേടിയിരുന്നില്ല. എങ്കിലും പുതിയ സീസണില്‍ 14.25 കോടിക്ക് ആര്‍സിബി ഓസീസ് താരത്തെ ടീമിലെത്തിച്ചു. പലര്‍ക്കും അത്ഭുതമായിരുന്നു മാക്‌സ്‌വെല്ലിന്റെ വില. 

എന്നാല്‍ തനിക്ക് ഇത്രയും വില ലഭിച്ചതില്‍ അത്ഭുതമൊന്നും തോന്നിയില്ലെന്നാണ് മാക്‌സ്‌വെല്‍ പറയുന്നത്. ആര്‍സിബി പുറത്തുവിട്ട വീഡിയോയിലാണ് മാക്‌സ്‌വെല്‍ സംസാരിച്ചത്. ''ലേല തുകയില്‍ എനിക്ക വലിയ അത്ഭുതമൊന്നും തോന്നിയില്ല. മിക്ക ടീമുകള്‍ക്കും മധ്യനിരയിലേക്ക് ഒരു ഓള്‍റൗണ്ടറെ വേണമെന്ന് അറിയായിരുന്നു. രണ്ട് ടീമുകള്‍ ഓഫ് സ്പിന്‍ ഓള്‍റൗണ്ടറെയാണ് ലക്ഷ്യ്മിട്ടിരുന്നു. ആര്‍സിബിയും മറ്റൊരു ടീമും എനിക്കായി രംഗത്ത് വന്നു. ഒടുവില്‍ ആര്‍സിബിയിലെത്തി. 

പുതിയ ടീമില്‍ കളിക്കുന്നതിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ ടീം, പുതിയ സീസണ്‍... ഞാന്‍ വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാം പോസിറ്റീവായിരിക്കുമെന്ന് കരുതുന്നത്.'' മാക്‌സ്‌വെല്‍ പറഞ്ഞു. 

വെള്ളിയാഴ്ച്ച നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.