താരങ്ങള്‍ തമ്മില്‍ കൈ കൊടുക്കുന്നതിലും നിയന്ത്രണം വരുത്താന്‍ ഐസിസി ആലോചിക്കുന്നുണ്ട്. ഇതിനിടെ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ

മുംബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കായിക എപ്പോള്‍ തുടങ്ങുമെന്ന് ഒരുറപ്പുമില്ല. ഇനി പുനഃരാരംഭിച്ചാല്‍ തന്നെ പഴയ പോലെ ആയിരിക്കില്ല ഇനി ഒന്നും. ക്രിക്കറ്റ് മത്സരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു. അതിലൊന്നാണ് പന്തില്‍ തുപ്പല്‍ പുരട്ടുന്നത്. ഈ പ്രവണത അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി ഐസിസി അറിയിച്ചിരുന്നു. മാത്രമല്ല താരങ്ങള്‍ തമ്മില്‍ കൈ കൊടുക്കുന്നതിലും നിയന്ത്രണം വരുത്താന്‍ ഐസിസി ആലോചിക്കുന്നുണ്ട്. ഇതിനിടെ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ.

എതിര്‍ ടീമിലെ താരത്തിന്റെ വിക്കറ്റ് വീണാല്‍ ബൗളറെ കെട്ടിപ്പിടിച്ചോ, പരസ്പരം ആശ്ലേഷിച്ചോ ആഹ്ലാദം പ്രകടിപ്പിക്കേണ്ടെന്നാണ് രഹാനെ പറയുന്നത്. രഹാനെയുടെ നിര്‍ദേശമിങ്ങനെ... ''വിക്കറ്റെടുത്താല്‍ ഓരോ താരവും ബൗളറുടെ അടുത്തേക്ക് ഓടിയെത്താന്‍ ശ്രമിക്കാതെ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുക. പകരം ലളിതമായി നമസ്തേയോ അല്ലെങ്കില്‍ അതുപോലെ മറ്റെന്തെങ്കിലും തരത്തിലോ ആഹ്ളാദം പങ്കുവയ്ക്കാം.

ബൗണ്ടറി ലൈനിനടുത്ത ഫീല്‍ഡ് ചെയ്യുന്നവര്‍ വിക്കറ്റ് ആഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ല. മുന്‍കാല ക്രിക്കറ്റ് ഇങ്ങനെയൊക്കെ ആയിരുന്നു. ക്രിക്കറ്റ് ഇനി പുനരാരംഭിച്ചാലും വലിയ തോതിലുള്ള മാറ്റങ്ങളൊന്നുമുണ്ടാവുമെന്ന് കരുതുന്നില്ല. ഐസിസി സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് കാത്തിരുന്ന് കാണാം.'' രഹാനെ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം ജീവിതത്തില്‍ വലിയ മാറ്റം തന്നെയുണ്ടാക്കിയെന്നും ജീവിതത്തിലെ ഈ വിഷമകരമായ ഘട്ടത്തില്‍ പോസിറ്റീവുമായി ഇരിക്കുകയെന്നതാണ് പ്രധാനമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.