നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം, അതിവേഗ ബൗളര്‍ മായങ്ക് യാദവ് പരിക്കുകളെ അതിജീവിച്ച് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു.
ലക്‌നൗ: മായങ്ക് യാദവ് ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാമ്പില്‍ പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ ആ പഴയ ആവേശമാണ് ആരാധകര്‍ക്ക് കാണാനായി. 2024ല്‍ മണിക്കൂറില്‍ 156.7 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ട ഈ 23-കാരന്‍, നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ കുറച്ചു കാലമായി മായങ്കിന്റെ കരിയറില്‍ വലിയ തിരിച്ചടികളാണ് ഉണ്ടായത്. 2024ല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയെങ്കിലും വയറിലെ പേശികള്‍ക്കുണ്ടായ പരിക്ക് വില്ലനായി.
2025 സീസണില്‍ 11 കോടി രൂപയ്ക്ക് ടീം നിലനിര്‍ത്തിയെങ്കിലും പുറംവേദനയും കാല്‍വിരലിനേറ്റ പരിക്കും കാരണം വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞുള്ളൂ. ഒടുവില്‍ ജസ്പ്രീത് ബുംറയെപ്പോലെ ന്യൂസിലന്‍ഡില്‍ പോയി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് മായങ്ക് ഇപ്പോള്‍ പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചിരിക്കുന്നത്.
മയങ്കിന്റെ വാക്കുകള്‍... ''ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. പഴയ വേഗതയില്‍ തന്നെ പന്തെറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പഴയ മയങ്കിനെ വീണ്ടും കാണാന്‍ കഴിയുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പ്രധാനമാണ്. അന്ന് എന്റെ ശരീരം അമിതവേഗതയെ ഉള്‍ക്കൊള്ളാന്‍ മാത്രം പക്വത പ്രാപിച്ചിരുന്നില്ലായിരിക്കാം, എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിയന്ത്രണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.'' മായങ്ക് പറഞ്ഞു. മായങ്കിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്സ് 2026 സീസണിലും 11 കോടി രൂപയ്ക്കാണ് താരത്തെ നിലനിര്‍ത്തിയിരിക്കുന്നത്.
സഞ്ജീവ് ഗോയങ്കയും സഹീര്‍ ഖാനും നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്ന മയങ്ക്, ഇത്തവണ വെറ്ററന്‍ താരം മുഹമ്മദ് ഷമിക്കൊപ്പമാണ് ലക്‌നൗവിന്റെ പേസ് നിര നയിക്കുന്നത്. ''ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഞാന്‍ ഇതിനോടകം അരങ്ങേറ്റം കുറിച്ചെങ്കിലും ഈ ഐപിഎല്‍ സീസണ്‍ എനിക്ക് വളരെ പ്രധാനമാണ്. വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ എത്തുക എന്നതാണ് എന്റെ ലക്ഷ്യം.'' മായങ്ക് കൂട്ടിച്ചേര്‍ത്തു. നിലവില്‍ നെറ്റ്സില്‍ 150 കിലോമീറ്ററിന് അടുത്ത് വേഗതയില്‍ പന്തെറിയുന്ന മായങ്ക്, ഏപ്രില്‍ 1-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന ലക്‌നൗവിന്റെ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാനെത്തും.

