നിർണായക ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർജയൻ്റ്സ് 228 റൺസ് അടിച്ചുകൂട്ടി. വെറും 21 പന്തിൽ 63 റൺസെടുത്ത നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലക്നൗവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടൂർണമെൻ്റിൽ നിലനിൽക്കാൻ മുംബൈക്ക് ഈ മത്സരം അതിവേഗം വിജയിക്കേണ്ടതുണ്ട്.

മുംബൈ: നിർണായക ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൺമല തീർത്ത് ലക്‌നൗ സൂപ്പർജയൻ്റ്സ്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് ലക്നൗ അടിച്ചുകൂട്ടിയത്. ഈ മത്സരത്തിൽ വിക്കറ്റുകൾ അധികം നഷ്ടപ്പെടാതെ അതിവേഗം വിജയം കൈവരിച്ചാൽ മാത്രമേ ടൂർണമെൻ്റിൽ പുറത്താകാതിരിക്കാൻ മുംബൈക്ക് സാധിക്കൂ. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലക്നൗവിന് കരുത്തായത്. വെറും 17 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച പൂരൻ, 8 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 21 പന്തിൽ 63 റൺസെടുത്ത് പുറത്തായി.

ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാർഷ് മികച്ച തുടക്കമാണ് ലക്‌നൗവിന് നൽകിയത്. 24 പന്തിൽ 44 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ കന്നി മത്സരത്തിന് ഇറങ്ങിയ ജോഷ് ഇംഗ്ലിസ് അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടു. അഞ്ച് പന്തിൽ 13 റൺസെടുത്ത ഇംഗ്ലിസിനെ ഗസൻഫറിൻ്റെ പന്തിൽ സൂര്യകുമാർ യാദവ് പുറത്താക്കി. എയ്‌ഡൻ മർക്രം 31 റൺസും ഹിമ്മത് സിങ് 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

മുംബൈ നിരയിൽ നാലോവറിൽ 45 റൺസ് വഴങ്ങിയ ബുമ്രക്കും 43 റൺസ് വഴങ്ങിയ ചാഹറിനും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഒരു വിക്കറ്റ് വീഴ്ത്തിയ ഗസൻഫർ നാലോവറിൽ 50 റൺസ് വഴങ്ങി. രഘു ശർമ നാലോവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കോർബിൻ ഘോഷ് രണ്ടോവറിൽ 20 റൺസ് വഴങ്ങി രണ്ടും വിൽ ജാക്സ് രണ്ടോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.