ചെപ്പോക്കിൽ നടന്ന മത്സരത്തിൽ മുംബൈ പരാജയപ്പെട്ടതിന് പ്രധാന കാരണം ഹാർദിക്കിന്‍റെ ബാറ്റിംഗിലെ മെല്ലെപ്പോക്കാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ഹാർദിക് ഒരു 'പ്ലാസ്റ്റിക് ക്യാപ്റ്റനാണെന്ന്' വിശേഷിപ്പിച്ച ശ്രീകാന്ത്, മത്സരത്തിലെ ഹാര്‍ദിക്കിന്‍റെ ബാറ്റിംഗ് സമീപനത്തെയും നായകനെന്ന നിലയിലുള്ള തീരുമാനങ്ങളെയും കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു.
ചെപ്പോക്കിൽ നടന്ന മത്സരത്തിൽ മുംബൈ പരാജയപ്പെട്ടതിന് പ്രധാന കാരണം ഹാർദിക്കിന്‍റെ ബാറ്റിംഗിലെ മെല്ലെപ്പോക്കാണെന്ന് ശ്രീകാന്ത് പറഞ്ഞു. തിലക് വർമ്മ പുറത്തായതിന് പിന്നാലെ ആറാം നമ്പറിൽ ബാറ്റിംഗിനെത്തിയ ഹാർദിക്, ഒരവസരത്തിലും താളം കണ്ടെത്താൻ കഴിയാതെ ഉഴലുകയായിരുന്നു. ഈ കണക്കുകൾ ഒന്ന് നോക്കൂ, 23 പന്തിൽ 18 റൺസ്, എന്താണിത്. ഹാർദിക് വെറുമൊരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്. ആ കൂട്ടുകെട്ടില്‍ എന്ത് ലക്ഷ്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്?. ഹാർദിക് എന്താണ് ചെയ്യാൻ ശ്രമിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മധ്യ ഓവറുകളിൽ അദ്ദേഹം കളിച്ച ഡോട്ട് ബോളുകൾ ശ്രദ്ധിച്ചാൽ മതി, ഒരു പ്ലാനിംഗോ ഗെയിം അവയർനെസ്സോ പാണ്ഡ്യക്കില്ല എന്ന് വ്യക്തമാണ് ഒരു നായകനിൽ നിന്ന് ടീം ആഗ്രഹിക്കുന്നത് ഇതാണോ എന്നും ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ ചോദിച്ചു.
മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ റൺറേറ്റ് ഒമ്പതിന് മുകളിലായിരുന്നിട്ടും 12 മുതൽ 16 വരെയുള്ള ഓവറുകളിൽ മുംബൈ സ്കോറിംഗ് കുത്തനെ ഇടിഞ്ഞിരുന്നു. 12-ാം ഓവർ മുതൽ ഓവറിൽ വെറും 5, 4, 3 എന്നിങ്ങനെയായിരുന്നു മുംബൈയുടെ സ്കോറിംഗ്. ഹാർദിക് ക്രീസിലുള്ളപ്പോൾ തന്നെ റൺറേറ്റ് കുത്തനെ ഇടിഞ്ഞത് മത്സരത്തിൽ വലിയ തിരിച്ചടിയായെന്നും ടീമിന് യാതൊരു കണക്കുകൂട്ടലുകളും ഉണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗിലെ പരിമിതികൾ ചെന്നൈ നായകൻ റുതുരാജ് ഗെയ്‌ക്‌വാദും ബൗളർമാരും കൃത്യമായി ഉപയോഗിച്ചുവെന്ന് ശ്രീകാന്ത് പറഞ്ഞു. ജെയ്മി ഓവർട്ടനെ മുൻനിർത്തി ഹാർദിക്കിന്‍റെ ശരീരത്തിന് നേരെ പന്തെറിയുന്ന തന്ത്രം സിഎസ്കെ മികച്ച രീതിയിൽ നടപ്പിലാക്കി. ഹാർദിക്കിന് സിക്സറുകൾ അടിക്കാൻ പാകത്തിൽ പന്തെറിയാതിരിക്കാൻ സിഎസ്കെ ബൗളർമാർ ശ്രദ്ധിച്ചു. ഇതോടെ സിംഗിളുകൾക്ക് പോലും എടുക്കാന്‍ ഹാര്‍ദിക് പാടുപ്പെട്ടു. ബൗളർമാർ ഇനി അദ്ദേഹത്തിന് 'സ്ലോട്ടിൽ' പന്തെറിയില്ല. ലെങ്ത് ബോളുകൾ കിട്ടിയാൽ അദ്ദേഹം അടിക്കുമെന്ന് അവർക്കറിയാം, അതുകൊണ്ട് തന്നെ കൃത്യമായ തന്ത്രങ്ങളിലൂടെ ഹാര്‍ദിക്കിനെ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഈ സീസണിൽ ഹാർദിക്കിന്‍റെ മോശം ഫോമും സ്ട്രൈക്ക് റേറ്റും (136.45) മുംബൈയുടെ മധ്യനിരയുടെ പ്രഹരശേഷിയെ നന്നായി ബാധിക്കുന്നുണ്ട്. പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റ മുംബൈയ്ക്ക് മെയ് 4-ന് വാങ്കഡെയിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ നടക്കുന്ന അടുത്ത മത്സരം ജീവൻമരണ പോരാട്ടമാണ്.
