Asianet News MalayalamAsianet News Malayalam

ഉമ്രാന്‍ മാലിക്കിന്‍റെ തീപ്പന്ത്; ബ്രേസ്‌വെല്ലിന്‍റെ ബെയ്ല്‍സ് തെറിച്ചത് 30വാര സര്‍ക്കിളിന് പുറത്ത്-വീഡിയോ

വമ്പനടിക്കാരായ ഗ്ലെന്‍ ഫിലിപ്സിലും ഏകദിന പരമ്പരയില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലിലുമായിരുന്നു കിവീസിന്‍റെ പ്രധാന പ്രതീക്ഷ. എന്നാല്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ഫിലിപ്സിനെ പാണ്ഡ്യയുടെ പന്തില്‍ സ്ലിപ്പില്‍ സൂര്യകുമാര്‍ പറന്നു പിടിച്ചപ്പോള്‍ ഉമ്രാന്‍ മാലിക്കിന്‍റെ തീയുണ്ടയില്‍ ബ്രേസ്‌വെല്ലിന്‍റെ ബെയ്ല്‍സ് തെറിച്ചു.

Michael Bracewells bails flies past 30-yard circle in Umran Maliks 150 km/h thunder gkc
Author
First Published Feb 2, 2023, 11:04 AM IST

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുമ്പോള്‍ ജയവുമായി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുരി കരുത്തില്‍ 234 റണ്‍സടിച്ചപ്പോഴെ കിവീസിന്‍റെ പരമ്പര മോഹം ബൗണ്ടറി കടന്നിരുന്നു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡ് ഒന്ന് പൊരുതാന്‍ പോലും ആവാതെയാണ് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്. കിവീസ് നിരയില്‍ വീണ 10 വിക്കറ്റുകളും സ്വന്തമാക്കിയത് ഇന്ത്യന്‍ പേസര്‍മാരായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തി മുന്നില്‍ നിന്ന് നയിച്ചതാകട്ടെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും.

കൂറ്റന്‍ തോല്‍വി; പരമ്പര നഷ്ടത്തിന് പിന്നാലെ ന്യൂസിലന്‍ഡിന് വമ്പന്‍ നാണക്കേടും; ഹാര്‍ദ്ദിക്കിന് ചരിത്രനേട്ടം

വമ്പനടിക്കാരായ ഗ്ലെന്‍ ഫിലിപ്സിലും ഏകദിന പരമ്പരയില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലിലുമായിരുന്നു കിവീസിന്‍റെ പ്രധാന പ്രതീക്ഷ. എന്നാല്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ഫിലിപ്സിനെ പാണ്ഡ്യയുടെ പന്തില്‍ സ്ലിപ്പില്‍ സൂര്യകുമാര്‍ പറന്നു പിടിച്ചപ്പോള്‍ ഉമ്രാന്‍ മാലിക്കിന്‍റെ തീയുണ്ടയില്‍ ബ്രേസ്‌വെല്ലിന്‍റെ ബെയ്ല്‍സ് തെറിച്ചു. എട്ടു പന്തില്‍ ഒരു സിക്സ് സഹിതം എട്ട് റണ്‍സെടുത്ത ബ്രേസ്‌വെല്ലിനെ പുറത്താക്കിയ ഉമ്രാന്‍റെ പന്തിന്‍റെ വേഗം 150 കിലോ മീറ്ററായിരുന്നു.

ഉമ്രാന്‍റെ പന്തിന്‍റെ വേഗം കൊണ്ടുതന്നെ വിക്കറ്റില്‍ ബെയ്ല്‍സ് തെറിച്ചു വീണത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെയും സ്ലിപ്പിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിന്‍റെയും തലകക്ക് മുകളിലൂടെ പറന്ന് 30 വാര സര്‍ക്കിളിന് പുറത്തായിരുന്നു. പിന്നാലെ 35 റണ്‍സെടുത്ത് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോററായ ഡാരില്‍ മിച്ചലിനെ കൂടി പുറത്താക്കി ഉമ്രാന്‍ മത്സരത്തില്‍ 2.1 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് തിളങ്ങി.

Follow Us:
Download App:
  • android
  • ios