മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെന്ന് ഓസീസ് മുന്‍ താരം മൈക് ഹസി. അപാരമായ കരുത്തും ആത്മവിശ്വാസവുമാണ് ധോണിയെ എക്കാലത്തെയും മികച്ച ഫിനിഷറാക്കുന്നതെന്നും ഹസി പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ വീഡിയോകാസ്റ്റില്‍ സഞ്ജയ് മഞ്ജരേക്കറോട് സംസാരിക്കുകയായിരുന്നു ഹസി.

ക്രിക്കറ്റ് ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയാണ്. അവസാന പന്ത് വരെ കൂളായി നില്‍ക്കാനും എതിര്‍ ക്യാപ്റ്റനെ മുള്‍മുനയില്‍ നിര്‍ത്താനും ധോണിക്കാവും. അപാരമായ കരുത്തുള്ളതിനാല്‍ എപ്പോള്‍ ആവശ്യം വരുന്നുവോ അപ്പോഴെല്ലാം പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്താന്‍ ധോണിക്കാവും. അതുപോലെ ധോണിയുടെ ആത്മവിശ്വാസവും അപാരമാണ്. സത്യസന്ധമായി പറയാം, എനിക്കുപോലും എന്നില്‍ അത്രയും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുമ്പോഴാണ് റണ്‍സ് പിന്തുടരേണ്ടത് എങ്ങനെയെന്ന് താന്‍ ധോണിയില്‍ നിന്ന് മനസിലാക്കിയതെന്നും ഹസി പറഞ്ഞു.

Akso Read: നെയ്മറുടെ അമ്മയ്ക്ക് പുതിയ ജീവിത പങ്കാളി, നെയ്മറേക്കാള്‍ ചെറുപ്പം; ആശംസയുമായി താരം

റണ്‍റേറ്റ് ഓവറില്‍ 12-13 റണ്‍സിലെത്താന്‍ ഒരിക്കലും അനുവദിക്കാതിരിക്കുകയെന്നതാണ് പ്രധാനം. ഇത് ഞാന്‍ മനസിലാക്കിയത് ധോണിയില്‍ നിന്നാണ്. അവിശ്വസനീയ താരമാണ് ധോണി. അദ്ദേഹത്തിനറിയാം, അവസാന നിമിഷം പതറുന്ന ടീം സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് തോല്‍ക്കുമെന്ന്. അതുകൊണ്ടുതന്നെ അവസാന നിമിഷം വരെ ശാന്തനായെ ധോണിയെ ക്രീസില്‍ കാണാനാവു. കാരണം പന്തെറിയുന്ന ബൌളര്‍ക്കും സമ്മര്‍ദ്ദമുണ്ടെന്ന് ധോണിക്കറിയാം. പരാജയപ്പെട്ടാലും അതിനെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ അടുത്ത കളിയെക്കുറിച്ച് ആലോചിക്കുന്നതാണ് മികച്ച നായകന്‍മാരുടെ ലക്ഷണം. ധോണിയും പോണ്ടിംഗുമെല്ലാം അത്തരക്കാരാണെന്നും ഹസി പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതിന് കാരണം ടീം നടത്തിപ്പില്‍ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗിനും ക്യാപ്റ്റന്‍ ധോണിക്കും എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുന്ന ടീം ഉടമകളും കോച്ചും ക്യാപ്റ്റനും തമ്മിലുള്ള പൊരുത്തവും ധോണിയുടെ നായകത്വവുമാണെന്ന് ഹസി പറഞ്ഞു. ധോണി കളി നിര്‍ത്തിയാല്‍ ചെന്നൈക്ക് പുതിയൊരു ടീമിനെ ഉണ്ടാക്കാന്‍ പാടുപെടേണ്ടിവരുമെന്നും ഹസി വ്യക്തമാക്കി.