Asianet News MalayalamAsianet News Malayalam

കൊവിഡ് മുക്തനായ മൈക് ഹസി വീണ്ടും കൊവിഡ് ബാധിതനായെന്ന് റിപ്പോർട്ട്

ഇന്ന് നടത്തിയ മൂന്നാം പരിശോധനയിൽ വീണ്ടും കൊവിഡ് പോസറ്റീവായതോടെ ഹസി കുറച്ചു ദിവസം കൂടി ഇന്ത്യയിൽ തുടരേണ്ടിവരും.

Michael Hussey tests Covid Positive for the second time reports
Author
Chennai, First Published May 11, 2021, 2:22 PM IST

ചെന്നൈ: ഐപിഎല്ലിനിടെ കൊവിഡ് ബാധിതനായ ചെന്നൈ സൂപ്പർ കിം​ഗ്സ് ബാറ്റിം​ഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക് ഹസി കൊവിഡ് മുക്തനായശേഷം വീണ്ടും നടത്തിയ പരിശോധനയിൽ കൊവിഡ് പോസറ്റീവായി. ശനിയാഴ്ചയാണ് ഹസി കൊവിഡ് മുക്തനായെന്ന വാർത്ത ചെന്നൈ സൂപ്പർ കിം​ഗ്സ് സിഇഒ കാശി വിശ്വനാഥൻ പുറത്തുവിട്ടത്.

അദ്ദേഹം അതിവേ​ഗം സുഖം പ്രാപിച്ചുവരികയാണെന്നും സിഇഒ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ മൂന്നാം പരിശോധനയിൽ ഹസി വീണ്ടും കൊവിഡ് ബാധിതനായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇതുവരെ തയാറായിട്ടില്ല.

ഇന്ന് നടത്തിയ മൂന്നാം പരിശോധനയിൽ വീണ്ടും കൊവിഡ് പോസറ്റീവായതോടെ ഹസി കുറച്ചു ദിവസം കൂടി ഇന്ത്യയിൽ തുടരേണ്ടിവരും. ഐപിഎല്ലിന്റെ ഭാ​ഗമായിരുന്ന ഓസ്ട്രേലിയക്കാരെല്ലാം ഐപിഎൽ നിർത്തിവെച്ചതിനെത്തുടർന്ന് മാലദ്വീപിലേക്ക് പോയിരുന്നു. എന്നാൽ കൊവിഡ് പോസറ്റീവ് ആയതിനാൽ ഹസിക്ക് ഇവർക്കൊപ്പം പോവാനായില്ല. ഇന്ത്യ വിടുന്നതിന് മുമ്പ് തുടർച്ചയായ മൂന്ന് പരിശോധനകളിൽ കൊവിഡ് നെ​ഗറ്റീവായിരിക്കണമെന്ന് ഓസ്ട്രേലിയൻ കളിക്കാരുടെ അസോസിയേഷന്റെ നിർദേശമുണ്ട്.

കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഡൽഹിയിൽ ചെന്നൈ ടീമിനൊപ്പമായിരുന്ന ഹസിയെയും ചെന്നൈയുടെ ബൗളിം​ഗ് പരിശീലകൻ ലക്ഷ്മിപതി ബാലാജിയെയും ഡൽഹിയിൽ നിന്ന് എയർ ആംബുലൻസിലാണ് ചെന്നൈയിലെത്തിച്ചത്. വ്യാഴാഴ്ച എയർ ആംബുലൻസിൽ കയറുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിൽ ഹസി കൊവിഡ് നെ​ഗറ്റീവായിരുന്നുവെന്നും ശനിയാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും നെ​ഗറ്റീവായിരുന്നുവെന്നും ചെന്നൈ ടീം സിഇ കാശി വിശ്വനാഥനും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്ന് നടത്തിയ മൂന്നാം പരിശോധനയിൽ ഹസി വീണ്ടും പൊസറ്റീവാകുകയായിരുന്നുവെന്നാണ് സൂചന.
നേരത്തെ ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥൻ, ബൗളിം​ഗ് പരിശീലകൻ എൽ ബാലാജി, ടീം ബസിലെ ജീവനക്കാരൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിയും കൊവിഡ് ബാധിതനായത്. കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമെല്ലാം കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഐപിഎല്ലിന്റെ പതിനാലാം സീസൺ പാതിവഴിക്ക് നിത്തുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios