ലണ്ടന്‍: ഐസിസി ടെസ്റ്റ് റാങ്കിംഗിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കാര്യമായ വിജയങ്ങളൊന്നും നേടാത്ത ന്യൂസിലന്‍ഡ് ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് വോണ്‍ പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഐസിസി ടെസ്റ്റ് റാങ്കിംഗ് എടുത്ത് ചവറ്റുകൊട്ടയിലിടണമെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി നാട്ടില്‍ പോലും ടെസ്റ്റില്‍ വിയര്‍ക്കുന്ന ഇംഗ്ലണ്ട് എങ്ങനെ റാങ്കിംഗില്‍ മൂന്നാമതാവും(ഇപ്പോള്‍ നാലാമത്) എന്നും വോണ്‍ ചോദിച്ചു. നാട്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ പോലും സമനില പിടിക്കാനെ ഇംഗ്ലണ്ടിനായിട്ടുള്ളു. ആകെ തോല്‍പ്പിച്ചതാകട്ടെ അയര്‍ലന്‍ഡിനെയും. ഇത് റാങ്കിംഗിനെ സംബന്ധിച്ച ആശയക്കുഴപ്പം കൂട്ടുകയെ ഉള്ളു.

അതുപോലെ തന്നെയാണ് ന്യൂസിലന്‍ഡ് റാങ്കിംഗില്‍ രണ്ടാമത് എത്തിയതും. എന്റെ അഭിപ്രായത്തില്‍ ഓസ്ട്രേലിയ ആണ് ഏറ്റവും മികച്ച രണ്ടാമത്തെ ടെസ്റ്റ് ടീം. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഇന്ത്യയും ഓസ്ട്രേലിയയും തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍. അതില്‍ ആര്‍ക്കും സംശയമില്ല. ഓസ്ട്രേലിയയില്‍ അവരെ തോല്‍പ്പിക്കാന്‍ കഴിവുള്ള ഒരേയൊരു ടീം ഇന്ത്യയാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. എന്നാല്‍ ആ ഓസീസ് ടീമില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷെയ്നും ഒന്നും ഇല്ലായിരുന്നുവെന്ന് ഓര്‍ക്കണമെന്നും വോണ്‍ പറഞ്ഞു. അടുത്തവര്‍ഷം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇരു ടീമുകളുടെയും മികവ് അറിയാനാവും. നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരേയൊരു ടീം ഇന്ത്യയാണെന്നും വോണ്‍ പറഞ്ഞു.