ലീഡ്‌സ്: ആഷസ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിച്ച സെഞ്ചുറിവീരന്‍ ബെന്‍ സ്റ്റോക്‌സിനെ പ്രശംസകൊണ്ട് മൂടി മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. സ്റ്റേക്‌സിന്‍റേത് എക്കാലത്തെയും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സാണ് എന്നാണ് വോണിന്‍റെ വിശേഷണം. 10-ാം വിക്കറ്റില്‍ ജാക്കിനെ ചേര്‍ത്തുനിര്‍ത്തി 219 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 135 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. 

സ്റ്റോക്‌സിന്‍റെ സെഞ്ചുറിയാണ് ജയമുറപ്പിച്ചിരുന്ന ഓസ്‌ട്രേലിയയില്‍ നിന്ന് മത്സരം ഇംഗ്ലണ്ടിന്‍റേതാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 359 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ ചേസിംഗ് ജയമാണ് നേടിയത്. അവസാന വിക്കറ്റില്‍ 76 റണ്‍സാണ് സ്റ്റോക്‌സും ജാക്കും ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സ്റ്റോക്‌സിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്.