ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമാണ് ഇന്ന് ഇന്ത്യ ഗാബയില്‍ നേടിയത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ഇത്. അതേ സമയം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ വിജയം ഇംഗ്ലണ്ടിലിരിക്കുന്ന തനിക്ക് മുട്ടയേറ് കിട്ടിയ പോലെയായെന്നാണ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ പ്രതികരിച്ചത്.

മനോഹരം, ഏറ്റവും മഹത്തരമായ ഒരു ടെസ്റ്റ് വിജയമാണിത്. എന്‍റെ മുഖത്ത് മുട്ട പതിച്ചപോലെയുണ്ട് ഇത്. ഏങ്കിലും ഇതിലെ കഴിവും താരങ്ങളെയും എനിക്കിഷ്ടമായി. ഇന്ത്യ അതിന്‍റെ കരുത്ത് കാണിച്ചു. ഷുബ്മാന്‍ ഗില്ലും, ഋഷബ് പന്തും ഭാവിയിലെ സൂപ്പര്‍ സ്റ്റാറുകളാണ്.- വോന്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ വോണ്‍ തന്നെ തന്‍റെ മുഖത്ത് മുട്ടയേറ് കിട്ടിയ പോലെയാണ് ഈ വിജയം എന്ന് പറയാന്‍ ഒരു പ്രധാന കാരണം ഇന്ത്യ ഓസ്ട്രേലിയ പരമ്പര ആരംഭിക്കും മുന്‍പ് ഇന്ത്യയെ ട്രോളിയതിനാലാണ്. കഴിഞ്ഞ നവംബറില്‍ ഓസ്ട്രേലിയ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയെ തറപറ്റിക്കും എന്നാണ് വോണ്‍ പ്രതികരിച്ചത്. ഇതിന് പുറമേ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ഈ ടെസ്റ്റ് സീരിസ് 4-0ത്തിന് ഓസ്ട്രേലിയ ജയിക്കുമെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ പറഞ്ഞു കളഞ്ഞു. ഇതിന് പിന്നാലെയാണ് ട്രോളുകള്‍ വന്നതും. ഒടുവില്‍ വോണ്‍ സ്വയം ട്രോളിയതും. 

നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.