ഒരു മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം നാല് വിക്കറ്റെടുത്തിരുന്നു. എന്നാലതിനെ കുറിച്ച് സംസാരിക്കുകയാണ് ബാംഗ്ലൂരിന്റെ പരിശീലകന്‍ മൈക്ക് ഹെസ്സണ്‍.

ദുബൈ: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ താരം വാനിഡു ഹസരങ്കയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ഇന്ത്യക്കെതിരെ നടത്തിയ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ ടീമിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. ഒരു മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം നാല് വിക്കറ്റെടുത്തിരുന്നു. എന്നാലതിനെ കുറിച്ച് സംസാരിക്കുകയാണ് ബാംഗ്ലൂരിന്റെ പരിശീലകന്‍ മൈക്ക് ഹെസ്സണ്‍.

ഇന്ത്യക്കെതിരായ മിന്നുന്ന പ്രകടനമല്ല താരത്തെ ടീമിലെത്തിച്ചതെന്നാണ് ഹെസ്സണ്‍ പറയുന്നത്. ''കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൗട്ടിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സാമാന്യം മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെയെല്ലാം അതിലൂടെ അറിയാന്‍ കഴിയും. ഹസരങ്ക ഏറെ നാളായി ഞങ്ങള്‍ ശ്രദ്ധിക്കുന്ന താരമാണ്. ബാംഗ്ലൂരിന്റെ ക്രിക്കറ്റ് ശൈലിക്ക് യോജിച്ച താരമാണ് ഹസരങ്ക.

വാലറ്റത്ത് ബാറ്റിങ്ങിലും ഹസരംഗയെ ആശ്രയിക്കാനാവും. ഹസരങ്കയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിരവധി സാധ്യതകള്‍ തെളിയും. ഓവര്‍സീസ് സ്പിന്നറെ ഇറക്കേണ്ട സാഹചര്യത്തിലും താരത്തിന്റെ സേവനം ഉപയോഗിക്കാം. ഇന്ത്യക്കെതിരായ ടി20യില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു. അവന്‍ അങ്ങനെ കളിക്കാന്‍ പ്രാപ്തിയുള്ള താരമാണ്. അതില്‍ അത്ഭുതപ്പെടാനില്ല.'' ഹെസ്സണ്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയ്ക്ക് പകരമാണ് ബാംഗ്ലൂര്‍ ഹസരങ്കയെ ടീമിലെത്തിച്ചത്. ശ്രീലങ്കയുടെ തന്നെ ദുഷ്മന്ത ചമീര, സിംഗപൂരിന്റെ ടിം ഡേവിഡ് എന്നിവരേയും ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍, സ്‌കോട്ട് കുഗലെജിന്‍ എന്നിവര്‍ക്ക് പകരമാണ് ഇരുവരുമെത്തുക.