Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 കളിക്കാന്‍ സര്‍ഫറാസിന് താല്‍പര്യമുണ്ടായിരുന്നില്ല; കാരണം വ്യക്തമാക്കി മിസ്ബ

2019 ഏകദിന ലോകകപ്പിലും സര്‍ഫറാസിന് കീഴില്‍ പാകിസ്താന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ കീപ്പിങ്ങിലെ പിഴവും ഫിറ്റ്‌നസ് ഇല്ലായ്മയും താരത്തിന് വിനയായി.

misbah reveals sarfaraz had reservations playing last t20 vs England
Author
Karachi, First Published Sep 9, 2020, 10:46 PM IST

കറാച്ചി: അടുത്തകാലത്തായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കടുത്ത അവഗണയാണ് മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്. നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാത്രമല്ല പാകി ക്രിക്കറ്റ് ബോര്‍ഡിന്റെ കരാറില്‍ നിന്നും താരത്തെ പുറത്താക്കി. ഈയിടെ നടന്ന പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് ഒരു ടി20 മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. എന്നാല്‍ ആ മത്സരത്തിന് പിന്നിലും ഒരു കഥയുണ്ടായിരുന്നുവെന്നാണ് ടീം പരിശീലകന്‍ മിസ്ബ ഉള്‍ ഹഖ് പറയുന്നത്.

സര്‍ഫറാസിന് മൂന്നാം ടി20 കളിക്കാന്‍ ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിസ്ബ. പരിശീലകന്റെ വാക്കുകള്‍... ''ഏറെ നാള്‍ ടീമിന് പുറത്തിരുന്നതിന്റെ ഭീതി സര്‍ഫറാസിനുണ്ടായിരുന്നു. എന്നാല്‍ കളിക്കുന്നതില്‍ സര്‍ഫറാസ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ മാത്രം കളിപ്പിച്ചതാണ് സര്‍ഫറസിനെ വിഷമിപ്പിച്ചത്. ഇത് എനിക്കായാലും തോന്നുന്ന കാര്യമാണ്. ബാറ്റിങ് പരിശീലകന്‍ യൂനിസ് ഖാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുമായി സംസാരിച്ച ശേഷമാണ് കളിക്കാനുള്ള ആത്മവിശ്വാസമെങ്കിലും കാണിച്ചത്.

എന്നാല്‍ ഗ്രൗണ്ടില്‍ ആ സമ്മര്‍ദ്ദമൊന്നും സര്‍ഫറാസ് കാണിച്ചില്ല. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ബാബര്‍ അസാമിന് ഉപദേശവുമായി സര്‍ഫറാസ് സജീവമായിരുന്നു.'' മിസ്ബ പറഞ്ഞു. നേരത്തെ ടെസ്റ്റ് പരമ്പരയ്ക്കിടെ സര്‍ഫറാസിനെ വാട്ടര്‍ബോയ് ആക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. മുന്‍ ക്യാപ്റ്റനോട് ചെയ്യുന്ന മര്യാദകേടാണ് ഇതെന്ന് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. 

2019ലെ ഏകദിന ലോകകപ്പിലും സര്‍ഫറാസിന് കീഴില്‍ പാകിസ്താന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ കീപ്പിങ്ങിലെ പിഴവും ഫിറ്റ്‌നസ് ഇല്ലായ്മയും താരത്തിന് വിനയായി. പാകിസ്താനുവേണ്ടി 49 ടെസ്റ്റില്‍ നിന്ന് 2657 റണ്‍സും 116 ഏകദിനത്തില്‍ നിന്ന് 2302 റണ്‍സും 59 ടി20യില്‍ നിന്ന് 812 റണ്‍സുമാണ് സര്‍ഫറാസ് നേടിയത്.

Follow Us:
Download App:
  • android
  • ios