ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും റെയ്‌ന തീരുമാനം കൈക്കൊണ്ടിട്ടില്ല

ചെന്നൈ: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കുന്നതായാണ് റെയ്‌നയുടെ അറിയിപ്പ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ റെയ്‌ന വിരമിച്ചിരുന്നു. ബിസിസിഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ആരാധകര്‍ക്കും റെയ്‌ന നന്ദി അറിയിച്ചു. ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും റെയ്‌ന ഇനി കളിക്കില്ല. സിഎസ്‌കെ ഇതിഹാസമായ റെയ്‌നയെ 'ചിന്നത്തല' എന്നാണ് ആരാധകര്‍ വിളിക്കുന്നത്.

റെയ്‌നയുടെ ഭാവി പദ്ധതികള്‍?

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നത് മതിയാക്കി വിദേശ ടി20 ലീഗുകളില്‍ കളിക്കാനാണ് റെയ്‌നയുടെ ശ്രമമെന്ന് ദൈനിക് ജാഗ്രണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം റെയ്‌ന ബിസിസിഐയെയും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനേയും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഞാനെന്‍റെ തീരുമാനം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനേയും ബിസിസിഐ സെക്രട്ടറി ജയ് ഷായേയും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് അസോസിയേഷനില്‍ നിന്ന് എന്‍ഒസി ലഭിച്ചിട്ടുണ്ട്. വിദേശ ലീഗുകളില്‍ കളിക്കാന്‍ ഞാനിപ്പോള്‍ തയ്യാറാണ്. എനിക്ക് രണ്ടുമൂന്ന് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തര്‍പ്രദേശ് ക്രിക്കറ്റില്‍ ഭാവിവാഗ്‌ദാനങ്ങളായ യുവ താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്' എന്നും റെയ്‌ന പറഞ്ഞതായി ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

സെപ്റ്റംബര്‍ 10 മുതല്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സുരേഷ് റെയ്‌ന കളിക്കും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും റെയ്‌ന തീരുമാനം കൈക്കൊണ്ടിട്ടില്ല. സുരേഷ് റെയ്‌ന പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ താരം മടങ്ങിവരവിന് തയ്യാറെടുക്കുന്നു എന്ന് വ്യക്തമായിരുന്നു. 

2020 ഓഗസ്റ്റ് 15ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന ഐപിഎല്ലില്‍ പിന്നീട് തുടര്‍ന്നും കളിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍ എന്നതാണ് റെയ്‌നയ്‌ക്കുള്ള വിശേഷണം. എന്നാല്‍ 2022ല്‍ നിലനിര്‍ത്താതിരുന്ന താരത്തെ സിഎസ്‌കെ മെഗാതാരലേലത്തിലും സ്വന്തമാക്കിയിരുന്നില്ല. മറ്റ് ടീമുകളും താരത്തെ സ്വന്തമാക്കാന്‍ ലേലത്തില്‍ രംഗത്തുവരാതിരുന്നത് അമ്പരപ്പിച്ചിരുന്നു. ഐപിഎല്ലില്‍ 12 സീസണുകളില്‍ സിഎസ്‌കെയുടെ നെടുംതൂണായ റെയ്‌ന ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ റണ്‍വേട്ടക്കാരനാണ്. 205 മത്സരങ്ങളില്‍ 5528 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ഇതില്‍ 4,687 റണ്‍സും സിഎസ്‌കെ കുപ്പായത്തിലായിരുന്നു. 

13 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ ഇന്ത്യയെ 18 ടെസ്റ്റിലും 226 ഏകദിനങ്ങളിലും 78 രാജ്യാന്തര ടി20കളിലും റെയ്‌ന പ്രതിനിധീകരിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 5615 ഉം ടി20യില്‍ 1605ഉം റണ്‍സും ടെസ്റ്റില്‍ 768 റണ്‍സുമാണ് റെയ്‌ന ഇന്ത്യന്‍ കുപ്പായത്തില്‍ നേടിയത്. ടെസ്റ്റില്‍ അരങ്ങേറ്റ സെഞ്ചുറിയും നേടി. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് സുരേഷ് റെയ്‌ന. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് റെയ്ന. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി. 

കുഞ്ഞുവയസില്‍ ക്രിക്കറ്റ് ആസ്വദിച്ച് റിയൊ റെയ്‌നയും; അച്ഛന്‍ സുരേഷ് റെയ്‌നക്കൊപ്പം കളിക്കുന്ന വീഡിയോ വൈറല്‍