ടിം സൗത്തിയുടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 16 റണ്‍സ് അനായാസം അടിച്ചെടുത്ത് മിച്ചല്‍ മാര്‍ഷ്- ടിം ഡേവിഡ് സഖ്യം
വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്‍റി 20യില്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസിന്‍റെ 215 റണ്‍സ് അവസാന പന്തില്‍ ബൗണ്ടറിയോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടക്കുകയായിരുന്നു. ഓസീസ് ഇന്നിംഗ്സില്‍ ടിം സൗത്തിയുടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 16 റണ്‍സ് ടിം ഡേവിഡ് സൂപ്പര്‍ ഫിനിഷിംഗില്‍ അടിച്ചെടുത്തു. മിച്ചല്‍ മാര്‍ഷ് 44 പന്തില്‍ 72* ഉം, ടിം ഡേവിഡ് 10 പന്തില്‍ 31* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: ന്യൂസിലന്‍ഡ്- 215/3 (20), ഓസ്ട്രേലിയ- 216/4 (20).
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ഫിന്‍ അലനും ദേവോണ്‍ കോണ്‍വേയും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 17 ബോളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 32 റണ്‍സെടുത്ത അലന്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ കിവികള്‍ 61 റണ്‍സിലെത്തിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഫിന്‍ അലനെ പുറത്താക്കി ബ്രേക്ക്‌ത്രൂ നേടിയത്. ഇതിന് ശേഷം 113 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി കോണ്‍വേയും രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിന് കുതിപ്പേകി. 35 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം 68 റണ്‍സെടുത്ത രചിനായിരുന്നു കൂടുതല്‍ അപകടകാരി. 16-ാം ഓവറിലെ അവസാന പന്തില്‍ രചിന്‍ രവീന്ദ്രയെ പാറ്റ് കമ്മിന്‍സും തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ദേവോണ്‍ കോണ്‍വേയെ മിച്ചല്‍ മാര്‍ഷും പറഞ്ഞയച്ചു. കോണ്‍വേ 46 ബോളില്‍ അഞ്ച് ഫോറും രണ്ട് സിക്സുകളോടെയും 63 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സും (10 പന്തില്‍ 19*), മാര്‍ക് ചാപ്മാനും (13 പന്തില്‍ 18*) ന്യൂസിലന്‍ഡിനെ 215ലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ നന്നായി തുടങ്ങിയെങ്കിലും ട്രാവിസ് ഹെഡിനെ 15 പന്തില്‍ 24 ഉം, ഡേവിഡ് വാര്‍ണറെ 20 പന്തില്‍ 32 ഉം റണ്‍സെടുക്കവേ ഓസീസിന് നഷ്ടമായി. ഇന്നിംഗ്സിലെ നാലാം ഓവറില്‍ ക്രീസിലെത്തിയ നായകന്‍ മിച്ചല്‍ മാര്‍ഷ് ഒരറ്റത്ത് തകര്‍ത്തടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ (11 പന്തില്‍ 25), ജോഷ് ഇംഗ്ലിസ് (20 പന്തില്‍ 20) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായതൊന്നും മാര്‍ഷിനെ ബാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ ടിം ഡേവിഡ് സിക്സും ഫോറും സഹിതം സൂപ്പര്‍ ഫിനിഷിംഗുമായി അവസാന ഓവറില്‍ ഓസീസിന് ജയമൊരുക്കി. മിച്ചല്‍ മാര്‍ഷ് 44 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും സഹിതം 72* ഉം, ടിം ഡേവിഡ് 10 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 31* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. മിച്ചലാണ് കളിയിലെ മികച്ച താരം.
Read more: ഐപിഎല്‍ 2024ല്‍ പന്താട്ടം ഉറപ്പ്; റിഷഭ് പന്ത് ഐതിഹാസിക തിരിച്ചുവരവിന്, വന്‍ അപ്‌ഡേറ്റ് പുറത്ത്
