40 പന്തില്‍ 53 റണ്‍സെടുത്ത ധ്രുവ് ജുറെലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ റിയാന്‍ പരാഗ് 26 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ യുവതാരം വൈഭവ് സൂര്യവംശി 21 പന്തില്‍ 46 റണ്‍സെടുത്ത് രാജസ്ഥാന് തകര്‍പ്പന്‍ തുടക്കമിട്ടു.

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ തകര്‍ത്തടിച്ച് കൂറ്റൻ സ്കോറിലേക്ക് നീങ്ങിയപ്പോള്‍ പതിനഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ട്രിപ്പിൾ സ്ട്രൈക്കിലൂടെയാണ് ഡല്‍ഹി മത്സരത്തില്‍ തിരിച്ചെത്തിയത്. 14 ഓവറില്‍ 160-2 എന്ന മികച്ച നിലയിലായിരുന്ന രാജസ്ഥാന്‍ 220ന് മുകളിലുള്ള സ്കോര്‍ ലക്ഷ്യമിട്ടെങ്കിലും പതിനഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, രവി സിംഗ് എന്നിവരെ പുറത്താക്കിയതോടെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

40 പന്തില്‍ 53 റണ്‍സെടുത്ത ധ്രുവ് ജുറെലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ റിയാന്‍ പരാഗ് 26 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ യുവതാരം വൈഭവ് സൂര്യവംശി 21 പന്തില്‍ 46 റണ്‍സെടുത്ത് രാജസ്ഥാന് തകര്‍പ്പന്‍ തുടക്കമിട്ടു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 40 റണ്‍സിന് 4 വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരിയും ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ആറോവറില്‍ ആറ് വിക്കറ്റ് നഷ്ടമായ രാജസ്ഥാന് 33 റണ്‍സ് മാത്രമാണ് നേടാനായത്.

വെടിക്കെട്ട് തുടക്കം

Scroll to load tweet…

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറിലെ ഓപ്പണര്‍ യശസ്വി ജയ്സ്വളിനെ(9 പന്തില്‍ 12) നഷ്ടമായെങ്കിലും വൈഭവും ധ്രുവ് ജുറെലും തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ 75 റണ്‍സിലെത്തി. എട്ടാം ഓവറില്‍ വൈഭവിനെ(21 പന്തില്‍ 46) പുറത്താക്കിയ മാധവ് തിവാരി ഡല്‍ഹിക്ക് ആശ്വസിക്കാൻ വക നല്‍കിയെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റൻ റിയാന്‍ പരാഗ് തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പത്താം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു.മുകേഷ് കുമാര്‍ എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ 23 റണ്‍സെടുത്ത പരാഗ് രാജസ്ഥാനെ 140 റണ്‍സിലെത്തിച്ചു. മാധവ് തിവാരി എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറികളടക്കം 12 റണ്‍സടിച്ച രാജസ്ഥാന്‍ 150 കടന്നു.

കളിതിരിച്ച സ്റ്റാര്‍ക്കിന്‍റെ ട്രിപ്പിള്‍ സ്ട്രൈക്ക്

Scroll to load tweet…

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പതിന‍ഞ്ചാം ഓവറാണ് കളി തിരിച്ചത്. രണ്ടാം പന്തില്‍ റിയാന്‍ പരാഗിനെ(26 പന്തില്‍ 51) അക്സര്‍ പട്ടേലിന്‍റെ കൈകളിലെത്തിച്ച സ്റ്റാര്‍ക്ക് അടുത്ത പന്തില്‍ ഡൊണോവന്‍ ഫെരേരയെ(0) കൂടി പുറത്താതി ഇരട്ട പ്രഹരമേല്‍പ്പിച്ചു. അവസാന പന്തില്‍ രവി സിംഗിനെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് രാജസ്ഥാന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടു. പതിനേഴാം ഓവറില്‍ മാധവ് തിവാരി ശുഭം ദുബെയെയും(9 പന്തില്‍ 5) മടക്കിയതിന് പിന്നാലെ ധ്രുവ് ജുറെല്‍ 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഇംപാക്ട് സബ്ബായി ഇറങ്ങിയ ദാസുന്‍ ഷനകയെ(8 പന്തില്‍ 10) മടക്കി സ്റ്റാര്‍ക്ക് രാജസ്ഥാന്‍റെ കുതിപ്പ് തടഞ്ഞു. അവസാന ഓവറില്‍ ലുങ്കി എന്‍ഗിഡി ധ്രുവ് ജുറെലിനെ(40 പന്തില്‍ 53) പുറത്താക്കിയതോടെ 193 റണ്‍സിലൊതുങ്ങി. അവസാന ആറോവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയ രാജസ്ഥാന് 33 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 40 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരിയും ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക