വഡോദര: അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ അത്യപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. വനിത ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് മിതാലി. വഡോദരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനം കളിച്ചതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. മത്സരത്തില്‍ മിതാലി പുറത്താവാതെ 11 റണ്‍സെടുത്തിരുന്നു. 200ാം മത്സരത്തില്‍ ജയിക്കാനാത് ഇരട്ടിമധുരമായി. 

1999 ജൂണ്‍ 26ന് അയര്‍ലന്‍ഡിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റം. രണ്ട് ദശാബ്ദത്തില്‍ കൂടുതല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കളിച്ച ഏക വനിത താരവും മിതാലി തന്നെ. വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച താരവും മറ്റാരുമല്ല. 204 ഏകദിനങ്ങളില്‍ മിതാലി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സ് (191), ഇന്ത്യയുടെ തന്നെ ജുലന്‍ ഗോസ്വാമി (178), ഓസ്‌ട്രേലിയയുടെ അലക്‌സ് ബ്ലാക്ക്‌വെല്‍ (144) എന്നിവരാണ് പിന്നില്‍.

36കാരിയായ മിതാലി 10 ടെസ്റ്റിലും 89 ടി20കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ടി20യില്‍ നിന്ന് മിതാലി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.