മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. സൂപ്പര്‍ താരവും ഏകദിന ടീം ക്യാപ്റ്റനുമായ മിതാലി രാജിനെ എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരംത താഴ്ത്തിയതാണ് പ്രധാന മാറ്റം. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 37കാരിയായ മിതാലി 2021 ഏകദിന ലോകകപ്പ് വരെ ക്രിക്കറ്റില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മിതാലിയെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തിയപ്പോള്‍ രാധാ യാദവിനെയും ടാനിയ ഭാട്ടിയയെയും സി ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് ഉയര്‍ത്തി.ടി20 ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനെ എ ഗ്രേഡില്‍ നിലനിര്‍ത്തി. സ്മൃതി മന്ഥാനയും പൂനം യാദവുമാണ് എ ഗ്രേഡിലുള്ള മറ്റ് താരങ്ങള്‍. 15കാരി ഷഫാലി വര്‍മയ്ക്കും കൗമാരതാരം ഹര്‍ലീന്‍ ഡിയോളിനും സി ഗ്രേഡ് കരാര്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം സി ഗ്രേഡ് കരാറുണ്ടായിരുന്ന മോണ മേശ്രാമിനെ കരാറില്‍ നിന്നൊഴിവാക്കി.

ബിസിസിഐ വാര്‍ഷി കരാര്‍ ലഭിച്ച വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍.

എ-ഗ്രേഡ് (50 ലക്ഷം വാര്‍ഷിക പ്രതിഫലം)-ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ്.

ബി-ഗ്രേഡ്(30 ലക്ഷം വാര്‍ഷിക പ്രതിഫലം)-മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, ഏകത് ബിഷ്ത്.രാധാ യാദവ്, ടാനിയ ഭാട്ടിയ, ശിഖ പാണ്ഡെ, ജെമീമ റോഡ്രിഗ്സ്,. ദീപ്തി ശര്‍മ.

സി-ഗ്രേഡ്(10 ലക്ഷം വാര്‍ഷിക പ്രതിഫലം)-വേദ കൃഷ്ണമൂര്‍ത്തി, പൂനം റാവുത്ത്, അനുജ പാട്ടീല്‍, മാനസി ജോഷി, ഹേമലത, അരുന്ധതി റെഡ്ഡി, രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ട്രാക്കര്‍, ഹര്‍ലീന്‍ ഡിയോള്‍, പ്രിയ പൂനിയ, ഷഫാലി വര്‍മ.

50 ലക്ഷം രൂപയാണ് എ ഗ്രേഡിലുള്ള കളിക്കാരുടെ വാര്‍ഷിക പ്രതിഫലം, ബി ഗ്രേഡിലുള്ളവര്‍ക്ക് 30 ലക്ഷം രൂപയും സി ഗ്രേഡിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയുമാണ് വാര്‍‍ഷിക പ്രതിഫലമായി ലഭിക്കുക.