പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് ആശങ്കയാണ് നായകന്‍ രോഹിത് ശർമ്മയുടെ കൊവിഡ്.

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ എഡ്‍ജ്ബാസ്റ്റണില്‍(Edgbaston Test) നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ(Rohit Sharma) കളിക്കാനുള്ള സാധ്യത വിരളമാണ്. രോഹിത് ഇല്ലെങ്കില്‍ ആരാവും ഇന്ത്യയെ നയിക്കുക എന്ന ചർച്ച സജീവമാണ്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് ചികില്‍സയിലുമാണ്. ഈ സാഹചര്യത്തില്‍ മുന്‍ നായകന്‍ വിരാട് കോലിയാവണം(Virat Kohli) ഇന്ത്യയെ നയിക്കേണ്ടത് എന്നുപറയുകയാണ് ഇംഗ്ലീഷ് ഓൾറൗണ്ട‍ർ മൊയീന്‍ അലി(Moeen Ali). 

'ഞാനിക്കാര്യം ഇന്നലെ രാത്രി ചിന്തിച്ചിരുന്നു. ഈ പരമ്പരയിലെ മുന്‍ മത്സരങ്ങള്‍ കഴിഞ്ഞ വർഷം നടന്നപ്പോള്‍ വിരാട് കോലിയായിരുന്നു ക്യാപ്റ്റന്‍‌. ഞാനാണെങ്കില്‍ കോലിയെ ക്യാപ്റ്റനാക്കും. തീർച്ചയായും തീരുമാനം കോലി കൈക്കൊള്ളേണ്ടതാണ്. അദ്ദേഹത്തിന് ചിലപ്പോള്‍ നായകനാവാന്‍ ഇപ്പോള്‍ താല്‍പര്യം കാണില്ല. ടെസ്റ്റ് ക്യാപ്റ്റനാവാന്‍ ഇനിയില്ല എന്നാവും കോലിയുടെ മനസ് പറയുന്നുണ്ടാവുക. അതിനാല്‍ കോലിയെ ക്യാപ്റ്റനാക്കുക എളുപ്പമല്ല. എന്നാല്‍ വലിയ പരമ്പരയാണ് ഇന്ത്യയെ സംബന്ധിച്ച് എന്നതിനാലും കോലിക്ക് മുന്‍പരിചയമുണ്ട് എന്നതിനാലും അദേഹത്തെ നായകനാക്കുന്നത് മികച്ച തീരുമാനമാകും' എന്നും മൊയീന്‍ അലി പറഞ്ഞു.

ഇംഗ്ലണ്ട് ഫേവറേറ്റുകള്‍: അലി

'ഈ പരമ്പര കഴിഞ്ഞ വർഷം പൂർത്തിയാവുമായിരുന്നെങ്കില്‍ ഇന്ത്യ 3-1ന് വിജയിച്ചേനേ. എന്നാലിപ്പോള്‍ കളിക്കുന്ന രീതിവച്ച് ഇംഗ്ലണ്ടാണ് കരുത്തർ. ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരിശീലനത്തിന്‍റെ കുറവുണ്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിച്ചതുവച്ച് നോക്കിയാല്‍ ഇംഗ്ലീഷ് ടീമാണ് ഫേവറൈറ്റുകള്‍' എന്നും മൊയീന്‍ അലി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ജൂലൈ 1 മുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് ആശങ്കയാണ് നായകന്‍ രോഹിത് ശർമ്മയുടെ കൊവിഡ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

പകരമെത്തുക ബുമ്ര?

രോഹിത് കളിക്കുന്നില്ലെങ്കില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കാണ് ടീം ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുക എന്നാണ് റിപ്പോർട്ട്. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ബുമ്രയ്ക്കാണ്. ബുമ്രയാണ് നയിക്കുന്നതെങ്കില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിന് താരം ഉടമയാവും. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റില്‍ നയിച്ച പേസര്‍. 1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.

ENG vs IND : ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ആര് ഓപ്പണ്‍ ചെയ്യും? തലപുകഞ്ഞ് രാഹുല്‍ ദ്രാവിഡും സംഘവും