മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ടി20 നായകനായി അരങ്ങേറി മികച്ച പ്രകടനമാണ് ബാറ്റിംഗില്‍ ക്വിന്‍റണ്‍ ഡികോക്ക് പുറത്തെടുത്തത്. മൊഹാലിയില്‍ ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ 37 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു ഡികോക്ക്. എന്നാല്‍ നായകനായി അരങ്ങേറി കൂടുതല്‍ റണ്‍സ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടം ഡികോക്കിന് ലഭിച്ചില്ല.

ജൊഹന്നസ്‌ബര്‍ഗില്‍ 2019ല്‍ പാക്കിസ്ഥാനെതിരെ 65 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ പേരിലാണ് റെക്കോര്‍ഡ്. ജൊഹന്നസ്‌ബര്‍ഗില്‍ തന്നെ 2005ല്‍ കിവീസിനെതിരെ 61 റണ്‍സ് നേടിയ ഗ്രേം സ്‌മിത്താണ് രണ്ടാമത്. 52 റണ്‍സ് പ്രകടനവുമായി മൂന്നാം സ്ഥാനത്ത് ഇടംപിടിക്കാന്‍ ഡികോക്കിനായി. 

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് ഡികോക്കിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായകനാക്കിയത്. നായകസ്ഥാനം ബാറ്റിംഗിനെ ബാധിക്കില്ലെന്ന് ആദ്യ മത്സരത്തില്‍ താരത്തിന് തെളിയിക്കാനായി. മൊഹാലിയില്‍ നവ്‌ദീപ് സെയ്‌നിയുടെ പന്തില്‍ മിഡ് ഓഫില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറന്നുപിടിച്ചാണ് ഡികോക്ക് പുറത്തായത്.