ഏകദിനത്തില്‍ 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പേരിലുള്ള റെക്കോര്‍ഡ് ആണ് ഷമി ഇന്ന് മറികടന്നത്.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ലോക റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഇന്ന് ഷമി ബംഗ്ലാദേശിനെതിരെ സ്വന്തമാക്കി.
ഏകദിനത്തില്‍ 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പേരിലുള്ള റെക്കോര്‍ഡ്(5240 പന്തുകള്‍) ആണ് ഷമി ഇന്ന് മറികടന്നത്. സഖ്‌ലിയന്‍ മുഷ്താഖ്(5451 പന്തുകള്‍), ട്രെന്‍റ് ബോള്‍ട്ട്(5783 പന്തുകള്‍), വഖാര്‍ യൂനിസ്(5883) പന്തുകള്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്ക് പിന്നിലുള്ളത്.
104 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ച ഷമി ഏറ്റവും കുറവ് മത്സരങ്ങളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പേരിലാണ് (102 മത്സരങ്ങളില്‍) അതിവേഗം 200 വിക്കറ്റ് തികച്ചതിന്‍റെ റെക്കോര്‍ഡ്. മുഹമ്മദ് ഷമിക്കൊപ്പം സഖ്‌ലിയന്‍ മുഷ്താഖും 104 മത്സരങ്ങളില്‍ 200 വിക്കറ്റ് തികച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഐസിസി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡും ഷമി സ്വന്തം പേരിലാക്കി. 59 വിക്കറ്റ് നേടിയിട്ടുള്ള സഹീര്‍ ഖാനെ മറികടന്നാണ് ഷമി 60 വിക്കറ്റുമായി ഇന്ത്യക്കാരില്‍ ഒന്നാമനായത്.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ ഷമി ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെ(0) വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചായിരുന്നു ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. ഏഴാം ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ(5) കൂടി പുറത്താക്കി ഷമി ബംഗ്ലാദേശിന് തകര്‍ച്ചയിലാക്കി. പിന്നീട് ജേക്കര്‍ അലിയെയും(68), തന്‍സിബ് ഹസന്‍ ഷാക്കിബിനെയും(0) പുറത്താക്കിയ ഷമി ടസ്കിന്‍ അഹമ്മദിനെ കൂടി വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.
2023ലെ ഏകദിന ലോകകപ്പിനുശേഷം പരിക്കുമൂലം ഒരു വര്‍ഷത്തോളം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ഷമി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യൻ പേസ് നിരയെ നയിക്കുന്നതും ഷമിയാണ്.
