ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കിയതില്‍ ബിസിസിഐ വ്യക്തത വരുത്തണമെന്ന് മുൻ താരം മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ തഴയുന്നത് എതിരാളികള്‍ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് പുറത്തുള്ള ഷമിയെ എന്തുകൊണ്ട് വീണ്ടും പരിഗണിക്കുന്നില്ല എന്നതില്‍ ബിസിസിഐ വ്യക്തത വരുത്തണമെന്ന് കൈഫ് ആവശ്യപ്പെട്ടു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഷമിയെ മാറ്റിനിര്‍ത്തുന്നതിലെ കാരണമെന്താണെന്ന് കൈഫ് ചോദിച്ചു. ജസ്പ്രീത് ബുംറയെപ്പോലെയുള്ള താരങ്ങള്‍ക്കും വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഷോര്‍ട്ട് സ്‌പെല്ലുകളാണ് നല്‍കുന്നതെന്നും, എന്നിട്ടും ഷമിയുടെ കാര്യത്തില്‍ മാത്രം ഇത്തരത്തിലുള്ള നിലപാട് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ''കൃത്യമായ സുതാര്യത ഉണ്ടാകേണ്ടതുണ്ട്. എന്താണ് കാരണമെന്ന് തുറന്നുപറയണം. അദ്ദേഹം രഞ്ജി ട്രോഫി കളിക്കുന്നു, വിക്കറ്റുകള്‍ വീഴ്ത്തുന്നു. പിന്നെ എന്താണ് പ്രശ്‌നം?'' കൈഫ് ചോദിച്ചു.

ഷമി ടീമില്‍ ഇല്ലാത്തത് എതിരാളികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ''ന്യൂസിലന്‍ഡ് ബാറ്റര്‍മാരോട് ചോദിച്ചു നോക്കൂ, അവര്‍ ആരെയാണ് നേരിടാന്‍ ആഗ്രഹിക്കാത്തതെന്ന്. ആ പട്ടികയില്‍ ഒന്നാമതുള്ള പേര് മുഹമ്മദ് ഷമിയുടേതായിരിക്കും. 2023 ഏകദിന ലോകകപ്പില്‍ ധര്‍മ്മശാലയിലും മുംബൈ വാങ്കഡെയിലുമെല്ലാം ഇന്ത്യക്കായി മത്സരങ്ങള്‍ ജയിപ്പിച്ചുകൊടുത്ത താരമാണ് ഷമി. ഷമി വരുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ വലിയ ആശ്വാസത്തിലായിരിക്കും.'' കൈഫ് പറഞ്ഞു.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ബംഗാളിനായി 7 മത്സരങ്ങളില്‍ നിന്ന് 16.72 ശരാശരിയില്‍ 37 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി, പുതിയ സീസണിലെ ആദ്യ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എങ്കിലും ഫിറ്റ്നസുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പേരില്‍ താരത്തെ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

YouTube video player