ലഖ്‌നൗ: അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പേരുണ്ടാകുമെന്ന് ഉറപ്പാണ്. കരിയറിന്റെ തുടക്കത്തില്‍ ഒരു കീപ്പര്‍ക്ക് വേണ്ട സാങ്കേതിക തികവൊന്നും ധോണിക്കില്ലായിരുന്നു. എന്നാല്‍ പരിചയസമ്പത്തും പരിശീലനവും താരത്തെ മികച്ച കീപ്പറാക്കി. വിക്കറ്റിന് പിന്നില്‍ വേഗത്തിലുള്ള ചലനങ്ങളാണ് ധോണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. 

ഇപ്പോള്‍ ധോണിയെ കുറിച്ച് ഒരു രസകരമായ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ധോണിയുടെ മികവിനെ കുറിച്ച് കൈഫ് സംസാരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരയാ ഒരു മത്സരത്തിലെ റണ്ണൗട്ട് വീഡിയോ ആയിരുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിക്കറ്റ് കീപ്പറല്ലാതെ പോലും വേറെ എവിടെ നിര്‍ത്തിയാലും ആ ജോലി ധോണി ഭംഗിയായി നിറവേറ്റുമെന്നാണ് കൈഫ് വീഡിയോ കുറിപ്പില്‍ പറയുന്നത്. എന്നാല്‍ എനിക്ക് വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും കൈഫ് പറയുന്നു. വീഡിയോ കാണാം...

ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 350 ഏകദിനങ്ങള്‍ കളിച്ച താരം 10,773 റണ്‍സ് സ്വന്തമാക്കി. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 98 ടി20 മത്സരങ്ങളില്‍ 1617 റണ്‍സും താരം നേടി.