ഹാര്‍ദിക്കിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
ദില്ലി: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചോള്‍ നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ല. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമായി. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിക മാത്രമാണ് ചെയ്തത്. ഏകദിന പരമ്പരയില്‍ നിന്ന് അദ്ദേഹം വ്യക്തിപരമായ കാരണത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്.
ഇപ്പോള്‍ ഹാര്‍ദിക്കിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കാതിരിക്കാന്‍ തക്ക തെറ്റൊന്നും ഹാര്‍ദിക് പാണ്ഡ്യ ചെയ്തിട്ടില്ലെന്ന് കൈഫ് പറഞ്ഞു. കൈഫിന്റെ വാക്കുകള്‍... ''സൂര്യകുമാര്‍ യാദവ് നല്ല ക്രിക്കറ്ററാണ്, ടീമിനെ നന്നായി നയിക്കുകയും ചെയ്യുമായിരിക്കും, പക്ഷേ മികവാണ് മാനദണ്ഡമെങ്കില്‍ ബിസിസിഐ ഹാര്‍ദിക്കിനെ പിന്തുണയ്ക്കണമായിരുന്നു. ഗൗതം ഗംഭീര്‍ മികച്ച കളിക്കാരനും പരിശീലകനുമാണ്. ക്രിക്കറ്റിനെ നന്നായി മനസിലാക്കുന്നയാളുമാണ്. പക്ഷേ ഹാര്‍ദിക്കിന്റെ അനുഭവ സമ്പത്തും ക്യാപ്റ്റന്‍സി മികവും അദ്ദേഹം കണക്കിലെടുത്തില്ല.'' കൈഫ് കുറ്റപ്പെടുത്തി.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ്. സിറാജ്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

