ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ തന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമി. താൻ ഇപ്പോഴും മികച്ച ഫോമിലാണെന്നും സെലക്ഷൻ ലഭിക്കാത്തതിൽ നിരാശയില്ലെന്നും താരം വ്യക്തമാക്കി. രഞ്ജി ട്രോഫിയിലെ ബൗളിംഗ് രീതികളെക്കുറിച്ചും ഷമി വിശദീകരിച്ചു.
ദില്ലി: തന്റെ ഫിറ്റ്‌നസിനെയും വര്‍ക്ക് ലോഡിനെയും കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശയില്ലെന്നും താന്‍ ഇപ്പോഴും കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണെന്നും താരം വ്യക്തമാക്കി. രഞ്ജി ട്രോഫിയില്‍ ഹ്രസ്വമായ ബൗളിംഗ് സ്‌പെല്ലുകള്‍ മാത്രമാണ് ഷമി എറിയുന്നത് എന്ന വിമര്‍ശനത്തിനാണ് താരം മറുപടി നല്‍കിയത്.
ഷമിയുടെ വാക്കുകള്‍... ''ഞാന്‍ ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിയണമോ വേണ്ടയോ എന്ന് പുറത്തുനിന്നുള്ളവര്‍ എങ്ങനെ തീരുമാനിക്കും? അത് ടീമിന്റെ ആവശ്യാനുസരണമാണ് തീരുമാനിക്കുന്നത്. അല്ലാതെ ഞാന്‍ ഓവറുകള്‍ തുടര്‍ച്ചയായി എറിഞ്ഞുകൊണ്ടിരിക്കുകയല്ല ചെയ്യുന്നത്.'' സര്‍വീസസിനെതിരായ ബംഗാളിന്റെ വിജയത്തിന് ശേഷം ഷാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സര സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും അനുസരിച്ചാണ് ക്യാപ്റ്റന്‍ ബൗളിംഗ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും മത്സരദിവസം പോലും താന്‍ ഒന്നര മണിക്കൂറോളം നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
വയസ് ഫിറ്റ്‌നസിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ''ഞാന്‍ ഇപ്പോഴും എന്റെ കരിയറിന്റെ ഉയര്‍ന്ന നിലയില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ വളച്ചുകെട്ടില്ലാതെ പറയുകയാണെങ്കില്‍, ഞാന്‍ എങ്ങനെയാണോ അതാണ് എന്റെ ബെസ്റ്റ്.'' ഷമി പറഞ്ഞു. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ 17.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു ഷമി. എന്നാല്‍ അടുത്ത മത്സരത്തില്‍ കളിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
ഇതിനെക്കുറിച്ച് ഷമി പറഞ്ഞതിങ്ങനെ.. ''പിച്ചിന്റെ അവസ്ഥ നിങ്ങള്‍ കണ്ടതല്ലേ? ഇത്തരം പിച്ചുകളില്‍ 2-4 ഓവറുകള്‍ എറിയുന്നതില്‍ ഒരു കാര്യവുമില്ല. അതിനേക്കാള്‍ നല്ലത് യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ്. ടീമിന് എന്റെ ആവശ്യം വരുമ്പോള്‍ ഞാന്‍ കളിക്കും.'' ഷമി പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ പരമാവധി മത്സരങ്ങള്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഷമി പറഞ്ഞു. ബിസിസിഐ സെലക്ടര്‍മാരുമായി നിലവില്‍ സംസാരിച്ചിട്ടില്ലെന്നും ബിസിസിഐ കരാറില്ലാത്തതിനാല്‍ ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നും താരം തമാശയോടെ പറഞ്ഞു.

