ഓസ്ട്രേലിയക്കെതിരായ വാംഅപ് മത്സരത്തില്‍ വിസ്‌മയ ബൗളിംഗുമായി മുഹമ്മദ് ഷമി തിളങ്ങിയിരുന്നു

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ ടീമിന്‍റെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചു എന്ന് വിശ്വസിക്കുന്നവരേറെയായിരുന്നു. ബുമ്രക്ക് പകരം ഇന്ത്യ പരീക്ഷിച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരെല്ലാം ഏഷ്യാ കപ്പിലും അതിന് ശേഷമുള്ള പരമ്പരകളിലുമെല്ലാം അടിവാങ്ങിക്കൂട്ടി എന്നതാണ് ഒരു കാരണം. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ വാംഅപ് മത്സരത്തില്‍ വിസ്‌മയ ബൗളിംഗുമായി മുഹമ്മദ് ഷമി എത്തിയതോടെ ആരാധകര്‍ പ്രതീക്ഷ വീണ്ടെടുത്തിരിക്കുകയാണ്. ഇക്കാര്യം തന്നെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പറയുന്നത്. 

ഷമിക്ക് ബുമ്രയുടെ പകരക്കാരനാവാന്‍ കഴിയും എന്ന് സച്ചിന്‍ നിരീക്ഷിക്കുന്നു. 'ഷമി മികച്ച പേസറാണ്. ബുമ്രക്ക് ഉചിതനായ പകരക്കാരനാണ്. ഷമി മികച്ചൊരു സ്ട്രൈക്ക് ബൗളറാണ്. ഏറെക്കാലമായി ഇന്ത്യക്കായി കളിക്കുന്നു. വമ്പന്‍ മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. ബൗളിംഗ് കാണാന്‍ ഞാനേറെ ഇഷ്‌ടപ്പെടുന്ന താരമാണ് അദ്ദേഹം. ബുമ്രയുടെ അസാന്നിധ്യം പരിഹരിക്കാന്‍ ഷമിക്കാകും എന്നാണ് പ്രതീക്ഷ. പ്ലേയിംഗ് ഇലവനെ കുറിച്ച് പറയാന്‍ ഞാനില്ല. ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും മികച്ച തുടക്കം വേണം. വിക്കറ്റുകല്‍ നേടണം, മികച്ച രീതിയില്‍ ഫിനിഷ് ചെയ്യണം. ഡെത്ത് ഓവര്‍ ബൗളിംഗ് നിര്‍ണായകമാണ്' എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ഷമിയുടെ അവസാന ഓവറില്‍ സംഭവിച്ചത്

വാംഅപ് മത്സരത്തില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഷമിയെ ബൗളിംഗിനായി രോഹിത് ശര്‍മ്മ ക്ഷണിക്കുമ്പോള്‍ 11 റണ്‍സാണ് ഓസീസിന് ജയിക്കാനായി വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളിലും ഷമി രണ്ട് റണ്‍സ് വീതം വിട്ടുകൊടുത്തു. ഇതോടെ ഓസീസ് ലക്ഷ്യം നാലു പന്തില്‍ ഏഴ് റണ്‍സായി കുറഞ്ഞു. മൂന്നാം പന്തില്‍ ഷമിയെ സിക്സിന് പറത്താന്‍ ശ്രമിച്ച കമ്മിന്‍സിനെ കോലി ലോംഗ് ഓണില്‍ ഒറ്റക്കൈയില്‍ പറന്നുപിടിച്ചതോടെ വന്‍ ട്വിസ്റ്റായി. നാലാം പന്തില്‍ ആഷ്ടണ്‍ അഗര്‍ ഷമിയുടെ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടായി. അഞ്ചാമത്തെയും ആറാമത്തെയും പന്തുകള്‍ യോര്‍ക്കറുകള്‍ എറിഞ്ഞ ഷമി, ജോഷ് ഇംഗ്ലിസിനെയും കെയ്ന്‍ റിച്ചാര്‍ഡ്സണെയും ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ 6 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. 

അവസാന ഓവര്‍ എറിയാനായി ഷമിയെ വിളിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് രോഹിത് ശര്‍മ്മ