മുംബൈ: കടുത്ത ബിരിയാണി പ്രേമിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. അപ്പോള്‍ പിന്നെ ചെറിയ പെരുന്നാളിനും ബിരിയാണി കഴിക്കാതിരിക്കാന്‍ കഴിയില്ല. പെരുന്നാളിന് ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ അടുത്തുള്ള വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാറുണ്ട്. ഇന്ത്യന്‍ പേസറും അതുതന്നെ ചെയ്തത്. ഷമി ബിരിയാണി നല്‍കിയത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കാണ്. 

ഷമി ട്വിറ്ററില്‍ ഫോട്ടോ ഉള്‍പ്പെടെ ഇക്കാര്യം പറയുകയും ചെയ്തു. ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''രവി ഭായ് നിങ്ങള്‍ക്കായി സെവിയാന്‍, ഖീര്‍, മട്ടന്‍ ബിരിയാണി എന്നിവ പാക്ക് ചെയ്തു കൊടുത്തുവിട്ടിട്ടുണ്ട്. അല്‍പ സമയത്തിനകം അതു സ്വീകരിക്കാം.'' ഷമി ട്വിറ്ററില്‍ കുറിച്ചു. ലോക്ഡൗണിലാണെങ്കിലും ബോളിങ് പരിശീലനത്തിന് മുഖ്യപ്രാധാന്യം നല്‍കി ഐപിഎല്‍ സീസണ് വേണ്ടി തയാറെടുക്കുകയാണ് മുഹമ്മദ് ഷമി ഇപ്പോള്‍.

ഐപിഎല്‍ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണു താരം കളിക്കുന്നത്. യുപിയിലെ സഹസ്പൂര്‍ ഗ്രാമത്തിലെ വീട്ടിലാണു ഷമി ലോക്ഡൗണ്‍ കാലം ചെലവഴിക്കുന്നത്. വീടുകളില്‍ ആണെങ്കിലും ക്രിക്കറ്റ് പരിശീലനം നടത്തി സമയം ചെലവിടുകയാണ്  മറ്റു ഇന്ത്യന്‍ താരളും. 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിവേഗത്തിലായതിനാല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരെല്ലാം ഇന്‍ഡോര്‍ ട്രെയിനിങ്ങിനാണു ശ്രദ്ധ കൊടുക്കുന്നത്.