Asianet News MalayalamAsianet News Malayalam

'ഞാനനുഭവിച്ചതാണ്, അര്‍ഷ്ദീപിന്റെ വേദന എനിക്ക് മനസിലാവും'; പിന്തുണയുമായി മുഹമ്മദ് ഷമി

2021 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പഴിക്കേട്ടത് ഷമിയായിരുന്നു. ഷമിയോട് പാകിസ്ഥാനിലേക്ക് പോവാനൊക്കെ അന്ന് ഇന്ത്യന്‍ ആരാധകര്‍ തന്നെ പറഞ്ഞിരുന്നു.

Mohammed Shami slams trollers over Arshdeep Singh catch vs PAK
Author
First Published Sep 5, 2022, 9:07 PM IST

ദില്ലി: കടുത്ത സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് കഴിഞ്ഞ ദിവസം നേരിട്ടത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരനായി പലരും കാണുന്നത് അര്‍ഷ്ദീപിനെയാണ്. പാകിസ്ഥാന്‍ താരം ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞിരുന്നു. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴാണ് രവി ബിഷ്‌ണോയിയുടെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ച് കളയുന്നത്. പിന്നീട് പാകിസ്ഥാനെ വിജയിപ്പിക്കുന്നതില്‍ ആസിഫ് നിര്‍ണായക പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആസിഫ്- ഖുഷ്ദില്‍ ഷാ സഖ്യം 19 റണ്‍സാണ് അടിച്ചെടുത്തത്.

പിന്നാലെ അര്‍ഷ്ദീപിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമൊന്നും വിമര്‍ശകര്‍ മനസിലാക്കിയില്ല. താരത്തിന്റെ ചെറിയ പരിചയസമ്പത്ത് പോലും ആരും കണക്കിലെടുത്തില്ല. എന്നാല്‍ വിരാട് കോലി, മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ മുഹമ്മദ് ഷമിയും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നു. 2021 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ട് താരമായിരുന്നു ഷമി. 

അനായാസമല്ല, ശ്രീശാന്തെടുത്ത ക്യാച്ചിന്റെ വില ഇന്നറിയുന്നു! ചര്‍ച്ചയായി 2007 ടി20 ലോകകപ്പ് ഫൈനലിലെ ക്യാച്ച്

അര്‍ഷ്ദീപിന്റെ അവസ്ഥ തനിക്ക് മനസിലാവുമെന്നാണ് ഷമി പറയുന്നത്. ''വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്. അവര്‍ക്ക് മറ്റു ജോലിയൊന്നുമില്ല. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവരാരും പറയില്ല, നന്നായി കളിച്ചുവെന്ന്. അര്‍ഷ്ദീപ് അനുഭവിച്ച പ്രയാസം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഞാനും അനുഭവിച്ചു. എന്നാല്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം നിന്നു. എനിക്ക് അര്‍ഷ്ദീപിന് ഒന്നും മാത്രമെ പറയാനുള്ളു. കഴിവുള്ള താരമാണ് നിങ്ങള്‍, ഇതിലൊന്നും തളരരുത്. കരുത്തോടെ തിരിച്ചെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.'' ഷമി പറഞ്ഞു.

2021 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പഴിക്കേട്ടത് ഷമിയായിരുന്നു. ഷമിയോട് പാകിസ്ഥാനിലേക്ക് പോവാനൊക്കെ അന്ന് ഇന്ത്യന്‍ ആരാധകര്‍ തന്നെ പറഞ്ഞിരുന്നു. ഷമിയാണ് തോല്‍പ്പിച്ചതെന്നായിരുന്നു പ്രധാന വാദം. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ടി20 ലോകകപ്പ്: ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, ട20 സ്പെഷലിസ്റ്റ് തിരിച്ചെത്തുന്നു

സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മുഹമ്മദ് നവാസാണ് പ്ലയര്‍ ഓഫ് ദ മാച്ച്.
 

Follow Us:
Download App:
  • android
  • ios