സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ മുഹമ്മദ് സിറാജ് കണ്ണീരണിഞ്ഞത് എന്തിനായിരുന്നു എന്നതിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ തന്‍റെ കണ്ണുനിറഞ്ഞതിനെക്കുറിച്ച് സിറാജ് തന്നെ ഒടുവില്‍ മനസുതുറന്നു. ആദ്യദിവസത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം തുറന്നുപറഞ്ഞത്.

ദേശീയഗാനം ആലപിക്കുന്നതിനിടെ ഞാനെന്‍റെ പിതാവിനെക്കുറിച്ചോര്‍ത്തു. അതെന്നെ വികാരഭരിതനാക്കി. കാരണം, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നത് എന്‍റെ പിതാവിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ കളിക്കുന്നത് കാണുമായിരുന്നല്ലോ എന്നോര്‍ത്തുപോയി.സിറാജ് പറഞ്ഞു.

പുക്കോവ്സ്കിയെ പുറത്താക്കാന്‍ ലഭിച്ച അവസരം റിഷഭ് പന്ത് നഷ്ടമാക്കിയതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം കളിയുടെ ഭാഗമാണെന്നായിരുന്നു സിറാജിന്‍റെ മറുപടി. പരിശീലന മത്സരം കളിച്ചപ്പോഴെ പുക്കോവ്സ്ക്കിക്കെതിരെ ഞങ്ങള്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിഞ്ഞിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം ലീവ് ചെയ്തില്ല.

അതിനാലാണ് ഇന്നും ഷോര്‍ട്ട് ബോളെറിഞ്ഞ് പരീക്ഷിച്ചത്. മികച്ച ലൈനിലും ലെംഗ്ത്തിലവും പന്തെറിയുക എന്നതായിരുന്നു ഇന്ന് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ക്യാച്ചുകള്‍ കൈവിടുന്നത് നിരാശ സമ്മാനിക്കും. പക്ഷെ അതൊക്കെ കളിയുടെ ഭാഗമാണ്. ക്യാച്ച് വിട്ടാലും അടുത്ത പന്തില്‍ ശ്രദ്ധിക്കുക എന്നതേ ചെയ്യാനുള്ളുവെന്നും സിറാജ് പറഞ്ഞു.