Asianet News MalayalamAsianet News Malayalam

കെസിഎല്‍ ലോഞ്ചിംഗ് നാളെ മോഹന്‍ലാല്‍ നിര്‍വഹിക്കും; യുവതാരങ്ങള്‍ക്ക് മികച്ച അവസരമെന്ന് ക്യാപ്റ്റന്മാര്‍

ലീഗില്‍ പങ്കെടുക്കുന്ന ആറു ടീമുകളുടേയും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് മോഹന്‍ലാല്‍ മെമന്റോ സമ്മാനിക്കും.

mohanlal to launch KCL tomorrow and captains says great opportunity for young players
Author
First Published Aug 30, 2024, 4:28 PM IST | Last Updated Aug 30, 2024, 4:28 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ കെഎസിഎല്‍ ബ്രാന്‍ഡ് അംബസിഡറായ ചലച്ചിത്രതാരം മോഹന്‍ലാല്‍ നിര്‍വ്വഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെസിഎല്‍ ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍ അനാവരണം ചെയ്യും. ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. ലീഗില്‍ പങ്കെടുക്കുന്ന ആറു ടീമുകളുടേയും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് മോഹന്‍ലാല്‍ മെമന്റോ സമ്മാനിക്കും. ഓരോ ടീമുകളിലേയും കളിക്കാരേയും പരിചയപ്പെടുത്തും. 

കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി വിനോദ് എസ് കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ പങ്കെടുക്കും. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനിടെ ആറു ടീമുകളുടേയും ക്യാപ്റ്റന്‍മാര്‍ സംഗമിച്ചു. ബേസില്‍ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്‌സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് ചടങ്ങളില്‍ ഒന്നിച്ചത്.

പരിശീലനം നടക്കില്ല, നീന്താനെ പറ്റൂ! ഇന്ത്യയില്‍ ഒരുക്കിയ പിച്ചില്‍ അതൃപ്തി പ്രകടമാക്കി അഫ്ഗാന്‍ താരങ്ങള്‍

കേരളത്തിലെ ക്രിക്കറ്റ് കളിക്കാര്‍ക്കുമുന്നില്‍ വലിയ സാധ്യതകളാണ് കേരള ക്രിക്കറ്റ് ലീഗ് തുറന്നിടുന്നതെന്ന് ടീം ക്യാപ്റ്റന്‍മാര്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ പ്രീമിയര്‍ ലീഗുകള്‍ ആരംഭിച്ചുവെങ്കിലും കേരളത്തില്‍ തുടങ്ങാന്‍ വൈകി. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് രംഗം കേരള ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും ക്യാപ്റ്റന്‍മാര്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടു മുതല്‍ 18 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.45നും വൈകിട്ട് 6.45നുമാണ് മല്‍സരങ്ങള്‍. പ്രവേശനം സൗജന്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios