ലണ്ടന്‍: വിരാട് കോലിയാണോ സ്റ്റീവ് സ്‌മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരമെന്ന ചര്‍ച്ചകള്‍ സജീവമാണ്. നിലവിലെ താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരാണ് ഇരുവരുമെന്ന് നിസംശയം പറയാം. എങ്കിലും ഇവരില്‍ ആരാണ് മുന്‍പില്ലെന്നറിയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആകാംക്ഷയുണ്ട്.

ഇക്കാര്യത്തില്‍ മുന്‍ ഇംഗ്ലീഷ് സ്‌പിന്നര്‍ മോണ്ടി പനേസര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്സ്‌മാന്‍ സ്‌മിത്താണ്. എന്നാല്‍, എല്ലാ ഫോര്‍മാറ്റുകളും പരിഗണിച്ചാല്‍ കോലി ലോകോത്തര താരമാണ്, കോലിയാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനെന്നും പനേസര്‍ പറഞ്ഞു. 

സച്ചിന്‍റെ 100 സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് കരുത്തുണ്ട്. സെഞ്ചുറികളുടെ എണ്ണത്തില്‍ ഏകദിനത്തിലും ടെസ്റ്റിലും സച്ചിനെ കോലി പിന്നിലാക്കിയേക്കുമെന്നും പനേസര്‍ പറയുന്നു. ടെസ്റ്റില്‍ സെഞ്ചുറിവേട്ടയില്‍ കോലിയേക്കാള്‍ തലനാരിഴയ്‌ക്ക് മുന്നിലാണ് സ്‌മിത്ത്. ടെസ്റ്റില്‍ സ്‌മിത്ത് 26ഉം കോലി 25 സെഞ്ചുറികളുമാണ് അടിച്ചെടുത്തത്.