ന്യൂസിലൻഡ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് വെല്ലിംഗ്ടണിലെ കടുത്ത കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബൗളിംഗ് കോച്ച് മോർണി മോർക്കൽ. കാറ്റിനെ നേരിടാൻ ഫാനിന് മുന്നിൽ നിന്ന് പരിശീലിക്കണമെന്ന രസകരമായ ഉപദേശമാണ് അദ്ദേഹം നൽകിയത്.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണില്‍ വീശിയടിക്കുന്ന കടുത്ത കാറ്റ് ഫാസ്റ്റ് ബൗളര്‍മാരെ എത്രത്തോളം ബാധിക്കുമെന്ന് ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലിന് നന്നായറിയാം. ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന കാലത്ത് അവിടുത്തെ സാഹചര്യങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ള മോര്‍ക്കല്‍, ന്യൂസിലന്‍ഡ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് രസകരവും എന്നാല്‍ ഗൗരവമേറിയതുമായ ഒരു ഉപദേശമാണ് നല്‍കിയിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് മോര്‍ക്കലിന്റെ ഈ നിര്‍ദ്ദേശം. ബേസിന്‍ റിസര്‍വ് ഗ്രൗണ്ടില്‍ മുന്നറിയിപ്പില്ലാതെ കാറ്റിന്റെ ദിശ മാറുന്നത് ബാറ്റ്സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. മോര്‍ക്കല്‍ വ്യക്തമാക്കിയതിങ്ങനെ... ''വെല്ലിംഗ്ടണിനെക്കുറിച്ചും അവിടുത്തെ കാറ്റിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഒരു ഫാനിന് മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ കിട്ടുന്ന അനുഭവമായിരിക്കും വെല്ലിംഗ്ടണിലേത്. അത്തരം ഫാനുകള്‍ക്ക് മുന്നില്‍ ബാറ്റര്‍മാര്‍ പരിശീലിക്കണം.'' മോര്‍ക്കല്‍ പറഞ്ഞു.

തിങ്കളാഴ്ച വെല്ലിംഗ്ടണില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ എത്തിയിരുന്നു. ഹോട്ടല്‍ മുറിയിലിരുന്നപ്പോള്‍ പോലും കാറ്റിന്റെ ശക്തികൊണ്ട് കെട്ടിടം വിറയ്ക്കുന്നത് താന്‍ അനുഭവിച്ചതായി മോര്‍ക്കല്‍ വ്യക്തമാക്കി. കാറ്റിനെ ഒരു വെല്ലുവിളിയായി കാണണോ അതോ നെഗറ്റീവായി കാണണോ എന്നത് കളിക്കാരുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറ്റിനെതിരെ പന്തെറിയാന്‍ ബൗളര്‍മാര്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

YouTube video player