ദില്ലി: കന്നി ട്വന്റി20 ലോകകപ്പിലെ ഇന്ത്യന്‍ കിരീട നേട്ടം ക്രിക്കറ്റ് പ്രേമികളില്‍ എക്കാലത്തും ആവേശമാണ്. ഗൗതം ഗംഭീറിന്റെ ബാറ്റിംഗ് പ്രകടനവും ഇര്‍ഫാന്‍ പത്താന്റെ വിക്കറ്റ് വേട്ടയും എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മികവും ശ്രീശാന്തിന്റെ ക്യാച്ചുമെല്ലാം ഒത്തുചേര്‍ന്നാണ് കപ്പ് ഇന്ത്യക്ക് സമ്മാനിച്ചത്. എന്നാല്‍, ഫൈനലില്‍ മറ്റൊരു താരമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതെന്ന് യുവരാജ് സിംഗ് പറയുന്നു.

13 വര്‍ഷം മുമ്പ് വെറും 20 വയസ്സ് മാത്രം പ്രായമുള്ള രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് ടീം ഇന്ത്യയുടെ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചതെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യ 150 കടക്കുമായിരുന്നില്ല. രണ്ട് സിക്‌സും ഒരു ഫോറും സഹിതമായിരുന്നു രോഹിത്തിന്റെ നേട്ടം. വെറും അഞ്ച് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആരും ആ ഇന്നിംഗ്‌സ് ഓര്‍ക്കാറില്ല. എന്റെ അഭിപ്രായത്തില്‍ ടൂര്‍ണമെന്റിലെ തന്നെ നിര്‍ണായക ഇന്നിംഗ്‌സായിരുന്നു രോഹിതിന്റേത്. മൂന്ന് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താനാണ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായത്.  

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ പരിക്ക് കാരണം എനിക്ക് കളിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് രോഹിത് അരങ്ങേറിയത്. അന്ന് രോഹിത് ഫിഫ്റ്റിയടിച്ചു. ഒരു കഴിവുറ്റ താരം വളര്‍ന്ന് വരുന്നത് അന്ന് കാണാനായി. ഹര്‍ഭജന്‍ സിംഗ്, വീരേന്ദ്ര സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയ താരങ്ങളുടെ കരിയറിലെ അവസാന സമയത്ത് ബിസിസിഐ അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും യുവരാജ് കുറ്റപ്പെടുത്തി. ബിസിസിഐ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു.

ചിലര്‍ക്ക് മാത്രമാണ് യാത്രയയപ്പ് അവസരം നല്‍കിയത്. തന്നോടുള്ള സമീപനത്തിലും ബിസിസിഐയുടെ നടപടി പ്രൊഫഷണല്‍ രീതിയിലായിരുന്നില്ലെന്നും യുവരാജ് പറഞ്ഞു. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവരാജിന്റെ തുറന്ന് പറച്ചില്‍.  2007ലെ ലോകകപ്പ് ടൂര്‍ണമെന്റിലാണ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിംഗ് തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പറത്തിയത്.