മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ. നിര്‍ണായക നാലാം നമ്പറില്‍ മുന്‍ നായകന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയെയാണ് കുംബ്ലെ അവതരിപ്പിക്കുന്നത്. യുവ പേസര്‍ ഖലീല്‍ അഹമ്മദിന് അവസരം നല്‍കിയതും കുംബ്ലെയുടെ ടീമിന്‍റെ പ്രത്യേകതയാണ്.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. നായകന്‍ വിരാട് കോലി സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തുടരും. എന്നാല്‍ അമ്പാട്ടി റായുഡുവിനെ പിന്തള്ളി പരിചയസമ്പന്നനായ എം എസ് ധോണി നാലാം നമ്പറിലെത്തി. റായുഡുവിനും ടീമില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. കേദാര്‍ ജാദവ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. 

ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, എന്നിവര്‍ പ്രധാന പേസര്‍മാരായി ഇടംപിടിച്ചപ്പോള്‍ ഉമേഷ് യാദവിനെ മറികടന്ന് ഖലീല്‍ അഹമ്മദ് സ്‌ക്വാഡിലെത്തി. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും സ്‌ക്വാഡിലുണ്ട്. 

കുംബ്ലെയുടെ ലോകകപ്പ് ടീം

Virat Kohli (captain), MS Dhoni (wk), Rohit Sharma, Shikhar Dhawan, Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Yuzvendra Chahal, Mohammed Shami, Jasprit Bumrah, Khaleel Ahmed, Ambati Rayudu, Rishabh Pant and Vijay Shankar.