മുംബൈ:രാജ്യാന്തര ക്രിക്കറ്റിലേക്ക് എന്ന് തിരിച്ചെത്തുമെന്ന ചോദ്യത്തോട് ആദ്യമായി പ്രതികരിച്ച് എം എസ് ധോണി. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ധോണി പ്രതികരിച്ചത്.

എന്ന് തിരിച്ചെത്തുമെന്ന ചോദ്യത്തിന് ജനുവരി വരെ ഇക്കാര്യം ചോദിക്കരുത് എന്നായിരുന്നു ധോണിയുടെ മറുപടി. ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. അടുത്ത ഐപിഎല്ലിനുശേഷമെ ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ എന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോകകപ്പിനുശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനും എതിരായ പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന ധോണി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.