മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് എം എസ് ധോണി എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ഇതിഹാസ നായകന്‍. അതിനാല്‍ ധോണിക്ക് ഉചിതമായ യാത്രയപ്പ് നല്‍കണമെന്ന് വാദിക്കുകയാണ് ഇതിഹാസ സ്‌പിന്നറും മുന്‍ നായകനുമായ അനില്‍ കുംബ്ലെ. എന്നാല്‍ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി സെലക്‌ടര്‍മാര്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും കുംബ്ലെ പറയുന്നു. 

'എപ്പോഴാണോ ക്രിക്കറ്റിനോട് വിടപറയുന്നത് അപ്പോള്‍ ഉചിതമായ യാത്രയപ്പ് അര്‍ഹിക്കുന്നുണ്ട് എം എസ് ധോണി. എന്നാല്‍ ടീമിന്‍റെ ഗുണത്തിനായി സെലക്‌ടര്‍മാര്‍ ധോണിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പദ്ധതികള്‍ ആവിഷ്‌കരിക്കണം. ടി20 ലോകകപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കേ ടീമിന്‍റെ ആവശ്യമനുസരിച്ച് സെലക്‌ടര്‍മാര്‍ തീരുമാനം കൈക്കൊള്ളണം. ധോണിയെ ലോകകപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഇപ്പോള്‍ എല്ലാ മത്സരത്തിലും കളിപ്പിക്കണം' എന്നും മുന്‍ താരം വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ ധോണി വിരമിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. സൈനിക സേവനത്തിനായി രണ്ട് മാസത്തെ ഇടവേളയെടുത്ത ധോണിയെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമോ എന്ന് വ്യക്തമല്ല.