ക്ഷണം സ്വീകരിച്ചിട്ടും ധോണി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ, മുന്‍ താരങ്ങളായ അനില്‍ കുംബ്ലെ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
റാഞ്ചി: അയോധ്യയിൽ ഇന്നലെ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പോകാതിരുന്ന മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണിക്കെതിരെ സൈബര്‍ ആക്രമണം. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള സെലിബ്രിറ്റികളിലൊരാളായ ധോണിക്ക് പ്രാണ പ്രതിഷ്ഠയെക്കാള്‍ പ്രധാനമായ മറ്റെന്ത് കാര്യമാണുണ്ടായിരുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്.
ക്ഷണം സ്വീകരിച്ചിട്ടും ധോണി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ, മുന്‍ താരങ്ങളായ അനില്‍ കുംബ്ലെ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ താരം വിരാട് കോലി ചടങ്ങില്‍ പങ്കെടുക്കാനായി അയോധ്യയിലേക്ക് തിരിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ തിരിച്ചുപോയി.
ചടങ്ങില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും രാമക്ഷേത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പോലും ധോണി ചെയ്തില്ലും ഇന്‍സ്റ്റഗ്രാമിലോ എക്സിലോ ഒന്നും ഇതുമായി ബന്ധപ്പെട്ട ഒന്നും ധോണി പങ്കുവെച്ചില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി രാം ലല്ലയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. വിവിഐപികളും സന്ന്യാസികളുമടക്കം 8,000 പേരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷേത്രത്തിന്‍റെ ഭരണച്ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നത്.
