റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി വിരമിച്ചോ. 'ധോണി വിരമിച്ചു'(#DhoniRetires) എന്ന ഹാഷ്‌ടാഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകര്‍ ആശങ്കയിലായത്. മിനുറ്റുകള്‍ക്കകം ഈ ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തു. 

ധോണി വിരമിക്കണമെന്ന് ഒരുവിഭാഗം ആവശ്യമുയര്‍ത്തുന്നതിനിടെ പ്രത്യക്ഷപ്പെട്ട ഹാഷ്‌ടാഗ് 'തല' ആരാധകര്‍ക്ക് അത്ര രസിച്ചില്ല. 'ധോണി ഒരിക്കലും വിരമിക്കില്ല'(#NeverRetireDhoni) എന്ന പുതിയ ഹാഷ്‌ടാഗ് കൊണ്ടാണ് വിരമിക്കല്‍ മുറവിളി കൂട്ടുന്നവരെ താരത്തിന്‍റെ ആരാധകര്‍ നേരിട്ടത്. ഈ ഹാഷ്‌ടാഗും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. 

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എം എസ് ധോണി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും നിന്ന് വിട്ടുനിന്ന ധോണിയെ ബാംഗ്ലാദേശിനെതിരെ ആരംഭിക്കാനിരിക്കുന്ന പരമ്പരയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെയാണ് ധോണി ഉടന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉടലെടുത്തത്.  

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഭാവി തുലാസില്‍ നില്‍ക്കേ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ടീമിനെ ഒരുക്കാനാണ് സെലക്‌ടര്‍മാരുടെ പദ്ധതി. ധോണിയുടെ പകരക്കാരനായി ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കുകയാണെന്നും അദേഹത്തിന് പിന്തുണ നല്‍കുന്നതായും മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുവതാരങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ധോണിക്കുള്ളതെന്നും അദേഹം വ്യക്തമാക്കി. 

വിരമിക്കണോ എന്ന തീരുമാനം പൂര്‍ണമായും ധോണിയില്‍ നിക്ഷിപ്തമാണ് എന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ നിലപാട്. 'എന്താണ് ധോണിയുടെ മനസിലെന്ന് തനിക്കറിയില്ല. എം എസ് ധോണി ഇന്ത്യയുടെ അഭിമാന താരമാണ്. ഞാന്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത് വരെ എല്ലാവര്‍ക്കും പരിഗണന ലഭിക്കും. ധോണിയുടെ നേട്ടങ്ങള്‍ ഇന്ത്യക്ക് അഭിമാനമാണെന്നും' മുന്‍ സഹതാരം കൂടിയായ ദാദ വ്യക്തമാക്കിയിരുന്നു.