പാക് ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) അപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് (Virat Kohli) സംസാരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ടീം മെന്ററായിരുന്ന എം എസ് ധോണിയും (MS Dhoni)  പാക് താരങ്ങളുമായി സംസാരിക്കുകയുണ്ടായി.

ഇസ്ലാമാബാദ്: പറയുമ്പോള്‍ ഇന്ത്യയും (Team India) പാകിസ്ഥാനും (Pakistan) ശത്രു രാജ്യങ്ങളാണ്. എന്തിന് പറയുന്നു സ്‌പോര്‍ട്‌സിന് പോലും വിലക്കാണ്. കായികമേഖലയില്‍ ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്ന സൗഹൃദ മത്സരങ്ങള്‍ പോലുമില്ല. ക്രിക്കറ്റില്‍ ഐസിസി ട്രോഫികളില്‍ മാത്രമാണ് ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) മത്സരങ്ങള്‍ നടക്കുന്നത്. പരമ്പര കളിക്കുന്നതിന് ഇരു രാജ്യത്തിന്റെ സര്‍ക്കാറുകളും സമ്മതം മൂളിയിട്ടില്ല. ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്നത് ടി20 ലോകകപ്പിലാണ്. ലോകകപ്പ് വേദിയില്‍ ഇന്ത്യ ആദ്യമായി പാകിസ്ഥാന് മുന്നില്‍ തോല്‍ക്കുകയും ചെയ്തു.

അന്ന് ഇരുടീമിലേയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കുവെക്കുകയും ചെയ്തു. പാക് ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) അപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് (Virat Kohli) സംസാരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ടീം മെന്ററായിരുന്ന എം എസ് ധോണിയും (MS Dhoni) പാക് താരങ്ങളുമായി സംസാരിക്കുകയുണ്ടായി. അതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇന്നിപ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ള മറ്റൊരു ചിത്രം കൂടി ക്രിക്കറ്റ് ആരാധകുടെ മനം കവര്‍ന്നിരിക്കുകയാണ്.

Scroll to load tweet…

ധോണി തന്നെയാണ് ഇത്തവണയും വൈറല്‍ പോസ്റ്റിലെ പ്രധാന കഥാപാത്രം. പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫാണ് മുന്‍ ഇന്ത്യന്‍ നായകനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. ധോണി അദ്ദേഹത്തിന് സമ്മാനിച്ച ജേഴ്‌സിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് റൗഫ് സംസാരിക്കുന്നത്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയാണ ചിത്രത്തിലുള്ളത്. 

ട്വിറ്ററിലാണ് റൗഫിന്റെ കുറിപ്പ്. അദ്ദേഹം പറയുന്നതിങ്ങനെ... ''ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ആദരമാണ് ഈ ജേഴ്‌സി. ഇതിഹാസതാരം എനിക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ നല്ല മനസിലൂടെ, നല്ല പ്രവര്‍ത്തിയിലൂടെ ഏഴാം നമ്പര്‍ ഇപ്പോഴും തിളങ്ങികൊണ്ടിരിക്കുയാണ്.'' റൗഫ് കുറിച്ചിട്ടു. സിഎസ്‌കെ ടീം മാനേജര്‍ റസ്സലിന് നന്ദിയും ട്വീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയാണ് റൗഫിന്റെ ട്വീറ്റ്. ഇരു ടീമിന്റെയും ആരാധകര്‍ ട്വീറ്റിന് താഴെ കമ്മന്റുമായി വന്നിട്ടുണ്ട്. റൗഫിന്റെ ട്വീറ്റിനെ ബഹുമാനിക്കുന്നവരുണ്ട്. എന്നാല്‍ അവിടേയും വിദ്വേഷം പറയുന്ന മറ്റൊരു കൂട്ടരുമുണ്ട്.