ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ നല്ലകാലം കഴിഞ്ഞെന്നും ഇനി അദ്ദേഹം യുവാക്കള്‍ക്കായി വഴിമാറി കൊടുക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ സെലക്ടര്‍ റോജര്‍ ബിന്നി. പ്രതാപകാലം കഴിഞ്ഞ സ്ഥിതിക്ക് ഭാവിയെപ്പറ്റി ധോണി ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്നും സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ബിന്നി പറഞ്ഞു.

കഴിഞ്ഞ കുറച്ചു സീസണുകളിലെ പ്രകടനം നോക്കിയാല്‍ ധോണി അദ്ദേഹത്തിന്റെ നല്ല കാലം പിന്നിട്ടുവെന്ന് മനസിലാവും. ഏത് പ്രസിന്ധിഘട്ടത്തിലും കൂളായി നിന്ന് ബുദ്ധിപരമായി കളി ജയിപ്പിക്കാനും സഹതാരങ്ങളെ പ്രചോദിപ്പിക്കാനുമുള്ള കഴിവായിരുന്നു ധോണിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ശാരീരികക്ഷമതയില്‍ ധോണി അല്‍പം പുറകോട്ട് പോയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഒട്ടേറെ യുവതാരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മികവിന്റെ കാലം പിന്നിട്ട ധോണി ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. അദ്ദേഹം തന്നെയാണ് അക്കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കേണ്ടയാള്‍.

ക്യാപ്റ്റനെന്ന നിലയില്‍ ധോണി പുറത്തെടുത്ത മികവിനെ അഭിനന്ദിക്കാനും ബിന്നി മറന്നില്ല. മുന്‍ താരങ്ങളോട് എന്നും ബഹുമാനത്തോടെ മാത്രം ഇടപെടുന്ന ധോണി എന്ത് കാര്യവും തുറന്നു പറയുകയും അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ സെലക്ടര്‍മാരോട് ചോദിച്ചു വാങ്ങുകയും ചെയ്യുമായിരുന്നുവെന്നും ബിന്നി പറഞ്ഞു. അദ്ദേഹമാണ് ഗ്രൗണ്ടില്‍ ടീമിനെ നയിക്കുന്നത്. അതുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നത് നല്‍കുക എന്നത് സെലക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങളുടെ കടമയായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനോടോ മറ്റ് സെലക്ടര്‍മാരോടോ ഒരിക്കലും അദ്ദേഹം തര്‍ക്കിക്കുന്നത് കണ്ടിട്ടില്ല. ഊഷ്മളമായ ബന്ധമാണ് അദ്ദഹേവുമായി ഉള്ളതെന്നും ബിന്നി പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ധോണി ഇനി കളിക്കുമോ എന്ന കാര്യം സംശയത്തിലുമാണ്.