റാഞ്ചി: കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പരസ്പരം അഭിമുഖം നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ആരാധകമനസില്‍ താരങ്ങള്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബസമേതം കഴിയുകയായിരുന്നു. ഭാര്യ സാക്ഷി പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ മാത്രമായിരുന്നു ധോണിയുടെ സാന്നിധ്യം.

മകള്‍ സിവക്കൊപ്പം കളിക്കുന്നതും കൃഷിയിടത്തില്‍ ട്രാക്ടര്‍ ഓടിക്കുന്നതും മകളെ മുന്നിലിരുത്തി ബൈക്ക് ഓടിക്കുന്നതുമെല്ലാം ആയിരുന്നു ധോണിയുടെ വിനോദങ്ങള്‍. തന്റെ ജീവിതകഥ പറഞ്ഞ ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ നായകന്‍ സുശാന്ത് സിംഗ് രാജ്‌പുത് മരിച്ചപ്പോള്‍ പോലും ധോണിയില്‍ നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് 39-ാം പിറന്നാള്‍ ആഘോഷിക്കുന്ന ധോണി ഔദ്യോഗികമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയൊരു മടങ്ങിവരവുണ്ടാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ മാനേജരും ബാല്യകാല സുഹൃത്തുമായ മിഹിര്‍ ദിവാകര്‍ പറയുന്നത്, ധോണി പരസ്യങ്ങളിലെ അഭിനയം നിര്‍ത്തിയെന്നും പൂര്‍ണമായും ജൈവ കര്‍ഷകനായി മാറിയെന്നുമാണ്.


രാജ്യസ്നേഹം ധോണിയുടെ രക്തത്തിലുള്ളതാണ്. അതിപ്പോള്‍ പട്ടാളക്കാരനായി രാജ്യത്തെ സേവിക്കുന്ന കാര്യമായാലും കൃഷിയിലായാലും അങ്ങനെയാണ്. കൃഷി ചെയ്യാന്‍ ധോണിക്ക് ഭയങ്കര താല്‍പര്യമാണ്. സ്വന്തമായി 40-50 ഏക്കറോളം കൃഷി ഭൂമിയുണ്ട് അദ്ദേഹത്തിന്. കൊവിഡ് 19 മഹാമാരിക്കിടെ രാജ്യം ലോക്‌ഡൗണിലായ ഘട്ടത്തിലും അവിടെ പപ്പായ, നേന്ത്രപ്പഴം എന്നിവയെല്ലാം കൃഷി ചെയ്യുന്ന തിരക്കിലായിരുന്നു ധോണിയെന്നും മിഹിര്‍ പറയുന്നു.

ധോണി ഇപ്പോള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നില്ലെന്നും കൊവിഡ് ഭീതി അകന്ന് രാജ്യം സാധാരണനില കൈവരിക്കുംവരെ പരസ്യങ്ങള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും മിഹിര്‍ വ്യക്തമാക്കി. വൈകാതെ ധോണിയുടെ സ്വന്തം ബ്രാന്‍ഡിലുള്ള ജൈവ വളം പുറത്തിറക്കുമെന്നും മിഹിര്‍ പിടിഐയോട് പറഞ്ഞു. വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സഹായത്തോടെയാണ് ജൈവവളം നിര്‍മിച്ചതെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് പുറത്തിറങ്ങുമെന്നും മിഹിര്‍ പറഞ്ഞു.

കൃഷിയിടത്തിലെ കീടനാശിനി പ്രയോഗത്തിനെതിരെയും ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ധോണി അടുത്തിടെ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതേസമയം, ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ ധോണി വിരമിക്കില്ലെന്നും മിഹിര്‍ വ്യക്തമാക്കി. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. പക്ഷേ, അദ്ദേഹത്തെ കാണുമ്പോള്‍, എനിക്ക് തോന്നുന്നത് വിരമിക്കലിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നില്ല എന്നാണ്.

ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം തീരുമാനിച്ചതാണ്. അതിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നു. ഐപിഎല്‍ തുടങ്ങുന്നതിനും ഒരു മാസം മുമ്പെ അദ്ദേഹം ചെന്നൈയിലെത്തിയിരുന്നു. ലോക്‌ഡൗണ്‍ കാലത്തും കായികക്ഷമത നിലനിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലോക്‌ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് അദ്ദേഹം വീണ്ടും പരിശീലനം തുടങ്ങുമെന്നും മിഹിര്‍ പറഞ്ഞു.